‘ബ്രഹ്മപുരം കരാറില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രി മൗനം പാലിച്ചത് അതുകൊണ്ട്’: സ്വപ്‌ന സുരേഷ്

കൊച്ചി: ബ്രഹ്മപുരം കരാർ കമ്പനിയുമായുള്ള ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി മൗനം പാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്‌ന ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാർ കമ്പനിക്കു നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ എത്തിയവർക്ക് നൽകണമെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയിൽ ഈ വിഷയത്തിൽ താങ്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കർ) ആശുപത്രിയിൽ ആയതുകൊണ്ടാകാം. നിങ്ങൾ മറ്റൊരുവിധത്തിൽ വിഷയം കൈകാര്യം ചെയ്യണമായിരുന്നു. ഈ ഇടപാടിൽ ശിവശങ്കറും ഉൾപ്പെട്ടിട്ടുള്ളതിനാലാണ് മുഖ്യമന്ത്രി മൗനം തുടരുന്നത്. നിങ്ങൾ ഇങ്ങനെ കാത്തിരിക്കരുത്.’ – സ്വപ്‌ന കുറിച്ചു.

‘ഞാൻ എന്തിനാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയിൽ താമസിച്ചു, നിങ്ങൾ കാരണം ബംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.’ -സ്വപ്‌നയുടെ വാക്കുകൾ.

Top