സ്വപ്ന സുരേഷ് അല്‍പ്പസമയത്തിനകം ജയിൽ മോചിതയാകും; അമ്മ ജയിലിലെത്തി രേഖകള്‍ കൈമാറി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് അല്‍പ്പസമയത്തിനകം ജയിലില്‍ നിന്ന് പുറത്തിറങ്ങും. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്‌നയുടെ അമ്മ അട്ടക്കുളങ്ങര ജയിലിലെത്തിച്ചു.

ആറു കേസുകളിലും സ്വപ്‌ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്‌നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി.

സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.  25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്‌നയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റേയും കേസുകളില്‍ സ്വപ്‌നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികള്‍ക്കും കോഫോപോസെയില്‍ കുറച്ചു ദിവസം കൂടി ജയിലില്‍ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്.

സാമ്പത്തിക തീവ്രവാദത്തിന്റെ ഭാഗമാണ് സ്വര്‍ണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ എന്‍ഐഎ വാദിച്ചത്. എന്നാല്‍ സ്വര്‍ണക്കടത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികള്‍ക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എന്‍ഐഎയുടെ വാദം. എന്നാല്‍ വാദം തള്ളിയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്.

 

Top