കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ഒക്ടോബര്‍ 13ന് വിധി പറയും. കേസില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. 60 ദിവസത്തിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നല്‍കിയത്. ജാമ്യാപേക്ഷ നല്‍കിയ ശേഷമാണ് കുറ്റപത്രം നല്‍കിയതെന്നും സ്വപ്നയക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചു.
അതേസമയം കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഇഡിയുടെ നിലപാട്.