‘സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം’; അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്ന

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് പ്രതി സ്വപ്‌ന സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും സ്വപ്‌ന വെളിപ്പെടുത്തി.

സ്വർണക്കടത്ത് കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കൂടുതൽ വിവരങ്ങളൊന്നും സ്വപ്ന സുരേഷ് പങ്കുവെച്ചിട്ടില്ല. ‘സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’- ഇതാണ് പോസ്റ്റിലെ വരികൾ.

സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവരികയാണ്. ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ശിവങ്കറിന് കോഴപണം ലഭിച്ചിരുന്നുവെന്ന് സ്വപ്ന മുൻപ് മൊഴി നൽകിയിരുന്നു.

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരുകോടി രൂപയോളം രൂപ വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ നിഗമനം.

Top