കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു. അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കലാണ് കേസില്‍ നിന്നും പിന്മാറിയിരിക്കുന്നത്. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഇദ്ദേഹം നിലപാടറിയിച്ചിട്ടുണ്ട്.
സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്റെ പിന്മാറ്റമെന്നതാണ് ഏറ്റവും ശ്രദ്ധേയം. വക്കാലത്തൊഴിയാനുള്ള കാരണം പുറത്തുപറയാനാകില്ലെന്ന നിലപാടിലാണ് അഭിഭാഷകന്‍.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ഇ ഡി സ്വപ്നയെ ചോദ്യം ചെയ്യാനിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സ്വപ്നയുടെ മൊഴിയെടുത്ത് കോടതിയില്‍ നല്‍കാനാണ് ഇഡി നീക്കം.