സ്വപ്‌നയ്ക്ക് ജയിലില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഫോണ്‍ ചെയ്യാം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ബന്ധുക്കളെ ഫോണ്‍ ചെയ്യാന്‍ അനുമതി. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ മാത്രം വിളിക്കാം. ബാക്കി തടവുകാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം ബന്ധുക്കളെ വിളിക്കാന്‍ അനുമതിയുണ്ട്.

കോഫെപോസ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോണ്‍ വിളിക്കാന്‍ അനുമതി. കസ്റ്റംസ്, ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ പറ്റൂ. ആരെയൊക്കെയാണു വിളിക്കുന്നതെന്നു നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ച അടുത്ത ബന്ധുക്കളെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാണാം.

ജയിലില്‍ സ്വപ്ന സസ്യാഹാരമാണ് ആവശ്യപ്പെട്ടത്. ജയിലിനകത്തുള്ള മുരുക ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ദീര്‍ഘനേരം പ്രാര്‍ഥിക്കും. ജയിലിലെത്തിയ ആദ്യ നാളുകളില്‍ ആരോടും മിണ്ടാതിരുന്ന സ്വപ്നയ്ക്കു കൗണ്‍സലിങ് നല്‍കിയെന്നാണു വിവരം. രക്തസമ്മര്‍ദവും കൂടുതലായിരുന്നു. മോട്ടിവേഷന്‍ ബുക്കുകള്‍ ജയിലിലെ ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുന്നുമുണ്ട്. 1,000 രൂപ വീട്ടില്‍ നിന്ന് മണിയോര്‍ഡര്‍ അയച്ചു കിട്ടിയതിനാല്‍ ജയില്‍ കന്റീനില്‍ നിന്ന് ഇടയ്ക്കു ലഘുഭക്ഷണം വാങ്ങിക്കഴിക്കാം.

Top