കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചത്. പൊലീസ് ഹൈടെക് സെല്‍ എസിപി ഇ.എസ് ബിജുമോന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി ഉദ്യോഗസ്ഥനെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി നിര്‍ബന്ധിച്ചതായി എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സിജി വിജയനാണ് മൊഴി നല്‍കിയത്. ഇ.ഡിയുടെ ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സിജി വ്യക്തമാക്കിയിരുന്നു.
സ്വപ്നയെ നിര്‍ബന്ധിക്കുന്ന തരത്തിലായിരുന്നു ചോദ്യം ചെയ്യലെന്നും ശബ്ദരേഖയില്‍ ആരോടാണ് സ്വപ്ന സംസാരിച്ചതെന്ന് അറിയില്ലെന്നും സിജി പറഞ്ഞു. രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ ശ്രമിച്ചത്.