ന്യൂഡല്‍ഹി: യമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് യമന്‍ സര്‍ക്കാര്‍.
ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന യമന്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ മാലിക് അബ്ദുള്‍ ജലീല്‍ അല്‍ മേഖലാഫിയുമായി സുഷമ സ്വരാജ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2016 ഏപ്രിലില്‍ ആണ് ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. യെമന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചപ്പോഴാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ ജീവനോടെയുണ്ടെന്ന് യമന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഭവനിലാണ് ഇരുമന്ത്രിമാരും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. വിവിധ വിഷയങ്ങളും സഹകരണവും ഇരുമന്ത്രിമാരും ചര്‍ച്ചയായി.
ഈ വര്‍ഷം മേയില്‍ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലില്‍ അഭ്യര്‍ഥിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെടുന്ന ഫാ. ഉഴുന്നാലില്‍, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികില്‍സ ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.