ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീസുരക്ഷ കുടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണമെന്നും സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ട ബലാത്സംഗത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുയായിരുന്നു അവര്‍.
ശിക്ഷ നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നല്‍കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് ഉടന്‍ വധശിക്ഷ നടപ്പാക്കുന്ന വിധം നിയമത്തില്‍ ഭേദഗതി വരുത്താന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്ന് സ്വാതി ആവശ്യപ്പെട്ടു.
”നിര്‍ഭയ മരിച്ചിട്ട് അഞ്ച് വര്‍ഷം തികഞ്ഞു. പക്ഷേ, രാജ്യത്തെ ഒന്നിനും മാറ്റമുണ്ടായിട്ടില്ല. എല്ലാദിവസും പെണ്‍കുട്ടികളും സ്ത്രീകളും ക്രൂര ബലാത്സംഗത്തിനിരയാകുന്നു. ബലാത്സംഗക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗകോടതികള്‍ സ്ഥാപിക്കണം. ഫൊറന്‍സിക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കണം. കൂടാതെ ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രമന്ത്രി, ലെഫ്റ്റനന്റ് ഗവര്‍ണര്‍, മുഖ്യമന്ത്രി, പോലീസ് കമ്മിഷണര്‍, വനിതാ കമ്മിഷന്‍ പ്രതിനിധി എന്നിവരുള്‍പ്പെട്ട ഉന്നതതല സമിതി രൂപവത്ക്കരിക്കണം” – പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സ്വാതി ആവശ്യപ്പെട്ടു.
നിര്‍ഭയഫണ്ട് ഇതുവരെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്ന വിമര്‍ശനുമുന്നയിച്ച സ്വാതി എത്രയും വേഗം ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും അല്ലാത്ത പക്ഷം ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലെയുള്ള പദ്ധതികള്‍ പരാജയപ്പെടുമെന്നും പറഞ്ഞു.