പനാജി: ഗോവയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ നടത്താന്‍ തീരുമാനിച്ച് ബിജെപി. പാര്‍ട്ടി വിട്ട് എത്തിയ എംഎല്‍എമാര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കി മന്ത്രി സഭയില്‍ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയേക്കും.
ബാബുഷ് മോണ്‍സ്രെട്ട,മിഷേല്‍ ലോബോ,ബാബു കവലേക്കര്‍,ഫിലിപ്പ് നേരി റോഡ്രിഗ്‌സ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ അമിത് ഷായുമായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അതേസമയം, നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരിക്കെ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ബിജെപി നീക്കത്തെ വിമര്‍ശിച്ച് എന്‍ഡിഎ ഘടകകക്ഷിയായ ഗോവ ഫോര്‍വാര്‍ഡ് രംഗത്തെത്തി. ബിജെപിയില്‍ ചേര്‍ന്ന എം എല്‍ എമാര്‍ക്കെതിരെ കൂറുമാറ്റ നിരോധനത്തിന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നിരീക്ഷകന്‍ ചെല്ല കുമാറും അറിയിച്ചിട്ടുണ്ട്.