നിതിന്‍ ഗഡ്കരി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി സ്വീഡിഷ് മാധ്യമം

Nithin Gadkari

ന്യൂഡല്‍ഹി:കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണിന്റെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി സ്വീഡിഷ് മാധ്യമം. മന്ത്രിക്ക് ആഡംബര സ്‌കാനിയ ബസ് സമ്മാനമായി നല്‍കിയെന്നാണ് സ്വീഡിഷ് ചാനല്‍ എസ് വിടിയെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ അനുമതി നേടിയെടുക്കാനാണ് മന്ത്രിക്ക് കൈക്കൂലി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

ജര്‍മ്മന്‍ ബ്രോഡ്കാസ്റ്റര്‍ എസ്ഡിഎഫുമായി സഹകരിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2017 അവസാനത്തോടെ മന്ത്രിക്ക് ബസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനി ഗഡ്കരിയുടെ മക്കളുമായി ബന്ധമുള്ള ഒരു കമ്പനിക്ക് ബസ് വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്തിട്ടുണ്ട്. ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് നല്‍കിയതെന്നും പറയുന്നു.

മകളുടെ വിവാഹ ചെലവ് വാഹന കമ്പനി വഹിച്ചെന്നുമാണ് ആരോപണം. മകളുടെ വിവാഹത്തിന് അതിഥികളെ എത്തിക്കാന്‍ ഉപയോഗിച്ച 50 ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചിലവ് വഹിച്ചത് ഫോക്സ്വാഗന്റെ ധനകാര്യ കമ്പനിയാണെന്ന് എസ്വിടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ആരോപണങ്ങള്‍ മന്ത്രിയുടെ ഓഫീസ് തള്ളി. കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമായ ആരോപണമാണിത്. ബസ് വാങ്ങിയതോ വിറ്റതോ ആയ ഇടപാടുകളില്‍ ഗഡ്കരിയുടെ കുടുംബത്തിന് പങ്കില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുമായും കുടുംബത്തിന് ബന്ധമില്ലെന്നും പ്രസ്താവനയിലൂടെ മന്ത്രിയുടെ ഓഫീസ് പറഞ്ഞു.

 

Top