സ്വിറ്റ്സര്‍ലന്‍ഡ്:സ്വിസ് ബാങ്ക് പ്രസിദ്ധീകരിച്ച അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകളിലെ സമ്പാദ്യത്തില്‍ 300കോടി ഇന്ത്യക്കാരുടേത്. സ്വിസ് പൗരന്മാരുടേയും, ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെയും പേരില്‍ നിക്ഷേപിക്കുകയും, പിന്നീട് അക്കൗണ്ടിലെ തുകയ്ക്ക് അവകാശം ഉന്നയിക്കാതിരിക്കുകയും ചെയ്യുന്ന കോടികളുടെ കണക്കുകള്‍ സ്വിസ് ബാങ്ക് ഓംബുഡ്സ്മാന് ആദ്യമായി പുറത്തു വിട്ടത് 2015 ഡിസംബറിലായിരുന്നു. 2015 മുതലുള്ള നിഷ്ക്രിയ അക്കൗണ്ടുകളില്‍ ആറെണ്ണമാണ് ഇന്ത്യക്കാരുടേതായി പറയുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് ബാങ്ക് അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ കണക്കുകള്‍ പരസ്യപ്പെടുത്തുന്നത്.
കള്ളപ്പണത്തിന്റെ പേരില്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴാണ് ഇന്ത്യന്‍ ബന്ധങ്ങളുള്ള അക്കൗണ്ടുകളിലെ 300 കോടി അനാഥമായി കിടക്കുന്നുവെന്ന് സ്വിസ് ബാങ്ക് പറയുന്നത്. ഇതുവരെ ഈ തുകയ്ക്ക് അവകാശവാദം ഉന്നയിച്ച് ആരും വന്നിട്ടില്ല. ആവശ്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ ഉടമകള്‍ക്കോ, അവകാശികള്‍ക്കോ അക്കൗണ്ടുകളിലെ തുക കൈമാറാന്‍ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു.
സ്വിസ് ബാങ്കിലെ ഇന്ത്യന്‍ ബന്ധമുള്ള നിഷ്ക്രിയ അക്കൗണ്ടുകള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടേതാണ് എന്ന ആരോപണങ്ങളുണ്ട്. ബാങ്കില്‍ നല്‍കിയിട്ടുള്ള കൃത്യമായ വിലാസവും തിരിച്ചറിയല്‍ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ആറ് അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഈ ആറ് അക്കൗണ്ടുകളില്‍ ആകെക്കൂടി നിക്ഷേപിച്ചിരിക്കുന്നത് 300 കോടി രൂപയോളമാണ്.
ആറ് അക്കൗണ്ടുകളില്‍ മൂന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയില്‍ തന്നെയാണ്. മറ്റ് രണ്ട് അക്കൗണ്ടുകളില്‍ ഒന്ന് പാരീസിലും മറ്റൊന്ന് ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. അവസാന അക്കൗണ്ടിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ത്യക്കാര്‍ നിക്ഷേപിച്ച സമ്പാദ്യത്തില്‍ 50 ശതമാനത്തിന്റെ വര്ദ്ധനയുണ്ടാതായി കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപം 7000 കോടിയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.