ഡല്‍ഹിയില്‍ സ്വിസ്റ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസ്: സുഹൃത്ത് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വിസ്റ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍.സ്വിസ്റ്റ്‌സര്‍ലന്‍ഡ് സ്വദേശി ലെന ബെര്‍ഗറെ (30)യാണ് കൊലപ്പെടുത്തിയത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ സര്‍ക്കാര്‍ സ്‌കൂളിനടുത്തു നിന്നാണു ലെനയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സുഹൃത്തായ ഗുര്‍പ്രീത് സിങ്ങിനെ (30) അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചാണ് ഗുര്‍പ്രീതും ലെനയും പരിചയപ്പെടുന്നത്. പിന്നീടു പല തവണ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി ഗുര്‍പ്രീത് യുവതിയെ കണ്ടിരുന്നു. അതിനിടെ ലെനയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു. അതോടെ ഇവരെ ഇന്ത്യയിലേക്കു വിളിച്ചുവരുത്തി.

ഒരു മാന്ത്രിക വിദ്യ കാണിച്ചു തരാമെന്നു പറഞ്ഞു ഗുര്‍പ്രീത് ലെനയുടെ കൈകാലുകള്‍ ചങ്ങലയുപയോഗിച്ചു ബന്ധിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പിന്നീടു മറ്റൊരു സ്ത്രീയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചു 2 ലക്ഷം രൂപയ്ക്ക് വാങ്ങിയ പഴയ കാറിനുള്ളില്‍ കുറച്ചു ദിവസം മൃതദേഹം സൂക്ഷിച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ സ്‌കൂളിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. കാര്‍ പിന്നീട് ജനക്പുരിയില്‍ നിന്നു കണ്ടെടുത്തു. കാറില്‍ കൊണ്ടുവന്നു മൃതദേഹം തള്ളുന്ന സിസി ടിവി ദൃശ്യങ്ങളാണ് ഗുര്‍പ്രീതിനെ തിരിച്ചറിയാന്‍ സഹായിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 2.10 കോടി രൂപയും കണ്ടെടുത്തു.

Top