കാമറൂണിനെ ഒരു ഗോളിന് മറികടന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്

ദോഹ: ഫിഫ ലോകകപ്പിൽ കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം. മത്സരത്തില്‍ കാമറൂണ്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും കിട്ടിയ അവസരം മുതലാക്കി ഗോള്‍ നേടിയത് സ്വിറ്റ്‌സര്‍ലന്‍ഡായിരുന്നു. ബ്രീല്‍ എംബോളോയാണ് വിജയ ഗോൾ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു എംബോളോയുടെ ഗോള്‍.

10-ാം മിനിറ്റില്‍ തന്നെ കാമറൂണ്‍ ആദ്യ അവസരം തുറന്നു. ബൗമോ ബുദ്ധിമുട്ടേറിയ കോണില്‍ നിന്ന് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ ടോകോ എകാംബിയുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. 30-ാം മിനിറ്റില്‍ ബൗമോയും ചൗപോ മോട്ടിംഗും നടത്തിയ മുന്നേറ്റം സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ തട്ടിയകറ്റി.

രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കം സ്വിസ് ആദ്യ ഗോള്‍ നേടി. സെദ്രാന്‍ ഷാക്കിരിയുടെ പാസ് സ്വീകരിച്ച എംബോളോ ബോക്‌സിനകത്ത് വച്ച് അനായാസം ഫിനിഷ് ചെയ്തു. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡ് താളം കണ്ടെത്തുന്നതാണ് കണ്ടത്. കാമറൂണ്‍ ഗോള്‍ മടക്കാനുള്ള തിടുക്കം കാണിച്ചതോടെ സ്വിറ്റ്‌സര്‍ലന്‍ഡിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനും സാധിച്ചു. കാമറൂണാവട്ടെ പിന്നീട് വലിയ അവസരങ്ങള്‍ ലഭിച്ചതുമില്ല. മാത്രമല്ല, സ്വിസ് പട പ്രതിരോധം ശക്തിപ്പെടുത്തിയതോടെ സമനില ഗോള്‍ അകന്നുനില്‍ക്കുകയും ചെയ്തു.

Top