SXR 125 ഉടന്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ

2020 ഡിസംബറില്‍ ഇന്ത്യയില്‍ വിപണിയിലെത്തിയ അപ്രീലിയ SXR 160 മാക്‌സി സ്‌കൂട്ടറിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി സ്‌കൂട്ടര്‍ കൂടിയായിരുന്നു ഇത്.
വിപണിയില്‍ ലഭിച്ച ഈ സ്വീകാര്യത മനസ്സിലാക്കി കമ്പനി ഇപ്പോള്‍ SXR 125 എന്ന പേരില്‍ ഒരു മാക്‌സി സ്‌കൂട്ടര്‍ കൂടി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി കമ്പനി സ്‌കൂട്ടറിനായുള്ള ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

നിര്‍മ്മാതാക്കള്‍ നിലവില്‍ സ്റ്റോം 125, SR 125, SR160, SXR 160 എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു. വരാനിരിക്കുന്ന SXR 125 സ്‌കൂട്ടറിനെയും കമ്പനി ഇപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും വില വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന കമ്പനിയുടെ രണ്ടാമത്തെ മാക്‌സി സ്‌കൂട്ടറാണ് അപ്രീലിയ SXR 125. പിയാജിയോ ഇന്ത്യയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും അപ്രീലിയയുടെ വെബ്സൈറ്റ് വഴിയും 5,000 രൂപ കുറഞ്ഞ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു.വരും ആഴ്ചകളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മഹാരാഷ്ട്രയിലെ കമ്പനിയുടെ ബാരാമതി പ്ലാന്റില്‍ ഇതിനോടകം തന്നെ ഉത്പാദനം ആരംഭിച്ചു.

Top