സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ബീഹാറിനെ 6 വിക്കറ്റിനു വീഴ്ത്തിയ കേരളം ഇതോടെ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ 111 റണ്‍സിന് ഒതുക്കിയ കേരളം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 13 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
മറുപടി ബാറ്റിംഗില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (1) വേഗം മടങ്ങിയെങ്കിലും രോഹന്‍ കുന്നുമ്മല്‍ (27 പന്തില്‍ 36), വിഷ്ണു വിനോദ് (17 പന്തില്‍ 32) എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന്റെ വിജയം ഉറപ്പിച്ചു. ബാറ്റിംഗ് സ്ഥാനക്കയറ്റം കിട്ടിയ അബ്ദുല്‍ ബാസിത്ത് (23 പന്തില്‍ 39 നോട്ടൗട്ട്) കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍ ആയി. സ്ഥാനക്കയറ്റം കിട്ടിയ വിനോദ് കുമാറിന് (4) അവസരം മുതലെടുക്കാനായില്ല. സഞ്ജു ഇന്ന് ബാറ്റിംഗിനിറങ്ങിയില്ല.
കരുത്തുറ്റ കേരള ബൗളിംഗ് നിരയ്‌ക്കെതിരെ ബീഹാര്‍ ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നത്. 32 പന്തില്‍ 37 റണ്‍സ് നേടിയ ഗൗരവ് ആണ് ബീഹാറിന്റെ ടോപ്പ് സ്‌കോറര്‍. ബാറ്റര്‍മാരെയൊന്നും നിലയുറപ്പിക്കാന്‍ കേരള ബൗളര്‍മാര്‍ സമ്മതിച്ചില്ല. പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തില്‍ ഇടം നേടി. കെഎം ആസിഫും ബേസില്‍ തമ്പിയും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മറ്റ് ബൗളര്‍മാര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.