ഡമാസ്‌കസ്; ഐ.എസ് അധീന പ്രദേശങ്ങളിലെ ആക്രമണം കുറക്കാന്‍ എസ്.ഡി.എഫ് തീരുമാനിച്ചതിന് പിന്നാലെ സിറിയയില്‍ അഞ്ഞൂറോളം ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങി. ദെയ്ര്‍ അസ്സോര്‍ പ്രവിശ്യയിലെ ബാഗൂസ് ഗ്രാമത്തിലുള്ളവരാണ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്.
ഇരുനൂറോളം പേര്‍ കൂടി താമസിയാതെ ഐ.എസ് കൂടാരം വിടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാട്ടിക് ഫോഴ്‌സ് പുറത്തുവിട്ടിട്ടില്ല. ഐഎസ് തീവ്രവാദികളുടെ കൂട്ട കീഴടങ്ങല്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗ്രാമവാസികളുടെ സുരക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ഗ്രാമീണര്‍ പ്രദേശം വിട്ട് പോയിരുന്നു. ഐ.എസ് അധീന പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അല്‍ ഹോല്‍ ക്യാമ്പ്. ഇനിയും 55,000 പേര്‍ക്ക് താമസ സൗകര്യം ഒരുക്കാനുണ്ടെന്നാണ് അധികൃതരുടെ കണക്ക്.