Syria-alappo-issue-un-turkey

തുര്‍ക്കി: സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ അടിയന്തിര പൊതുസഭ വിളിക്കണമെന്ന് മൂന്ന് ഗള്‍ഫ് രാഷ്ട്രങ്ങളും തുര്‍ക്കിയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും ചേര്‍ന്നാണ് പ്രസ്താവന പുറത്തിറക്കിയത്.

ലോകസമാധാനവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് ഐക്യരാഷ്ട്രസഭയുടെ ബാധ്യതയാണ്. യു.എന്‍ രക്ഷാസമിതി സിറിയന്‍ വിഷയത്തില്‍ തികഞ്ഞ പരാജയമാണെന്നിരിക്കെ ഐക്യരാഷ്ട്രസഭ പൊതുസഭ വിളിക്കുകയാണ് വേണ്ടതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനവും സ്‌കൂളുകള്‍, വിദ്യാലയങ്ങള്‍ എന്നിവ കൂടി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭ ഈ പ്രശ്‌നത്തിന് പരിഹാരം ആരായേണ്ടതുണ്ട്. വന്‍ശക്തികള്‍ പോലും മൗനമവലംബിക്കുന്ന സാഹചര്യത്തിലാണ് ജി.സി.സിതുര്‍ക്കി സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. മനുഷ്യക്കുരുതിയും മനുഷ്യാവകാശ ലംഘനവും നിര്‍ബാധം തുടരുമ്പോഴും സിറിയന്‍ വിഷയത്തില്‍ അഭിപ്രായ ഐക്യം രൂപപ്പെടുത്താന്‍ യു.എന്‍ രക്ഷാസമിതിക്ക് സാധിച്ചിട്ടില്ലെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സിറിയയിലെ അലപ്പോയില്‍ സിവിലിയന്മാര്‍ക്ക് നേരെയാണ് ആക്രമണം നടക്കുന്നത്. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും ആശുപത്രികളില്‍ പോലും അഭയം തേടാനാവാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഐക്യരാഷ്ട്രസഭ പൊതുസഭ വിളിച്ചുചേര്‍ക്കാന്‍ മതിയായ ന്യായമുണ്ടെന്നും പ്രസ്താവനയില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.

Top