മോസ്‌കോ: സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനെതിരെ റഷ്യ.
അമേരിക്കയുടേത് ചിന്താ ശൂന്യമായ നടപടിയാണെന്ന് റഷ്യ പ്രതികരിച്ചു.
രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചാണ് യുഎസ് ആക്രമണം നടത്തിയതെന്നും സിറിയയുടെ പരമാധികാരത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണിതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ഇറാക്കിലെ സൈനിക നടപടിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സംഭവത്തില്‍ നിന്നും അന്താരാഷ്ട ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിറിയക്കെതിരായ ആക്രമണമെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. അടിയന്തരമായി യുഎന്‍ സെക്രട്ടറി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും അമേരിക്കന്‍ നടപടി ചര്‍ച്ച ചെയ്യണമെന്നും റഷ്യ ആവശ്യപ്പെട്ടു.
ഷായിരത്ത് വ്യോമതാവളത്തിന് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. വിമാനങ്ങളില്‍ നിന്ന് അമ്പതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിക്കുകയായിരുന്നു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല. വിമത മേഖലയായ ഇഡ്‌ലിബ് പ്രവിശ്യയില്‍ രാസായുധ പ്രയോഗത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ സൈനിക നടപടി.