അലപ്പോ: സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെ വാഹന വ്യൂഹത്തിന് നേരെ വ്യോമാക്രമണം.
അലപ്പോയ്ക്ക് സമീപമുള്ള ഉം അല്‍ കബ്രയിലാണ് വ്യോമാക്രമണം നടന്നത്. സന്നദ്ധ പ്രവര്‍ത്തകരും ട്രക്ക് ഡ്രൈവര്‍മാരും അടക്കം 12 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയുടെയോ റഷ്യയുടെയോ വിമാനത്തില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. എന്നാല്‍ ഇതേക്കുറിച്ച് സിറിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ സാധാരണക്കാരെ സഹായിക്കുന്നതിനുള്ള അവശ്യ വസ്തുക്കളുമായി പോവുകയായിരുന്നു സംഘം. സാധനങ്ങള്‍ കൊണ്ടുപോയ ട്രക്കുകള്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. 31 ട്രക്കുകളില്‍ 18 എണ്ണവും ആക്രമണത്തില്‍ തകര്‍ന്നു. യുഎന്‍ സംഘത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ അഞ്ച് മിസൈലുകള്‍ പതിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സിറിയയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചത്.