മോസ്‌കോ: സിറിയയിലെ റഷ്യന്‍ സൈന്യത്തോട് ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഉത്തരവിട്ട് പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പിന്‍മാറ്റം ആരംഭിക്കാനാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഉത്തരവ്.
സൈന്യം പിന്‍മാറുന്ന കാര്യം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി പുടിന്‍ സംസാരിച്ചു. അതേസമയം, മെയ്മിം വ്യോമതാവളവും മെഡിറ്ററേനിയന്‍ തുറമുഖവും ഒഴിയില്ലെന്ന് റഷ്യ അറിയിച്ചു.
സിറിയയില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നടത്തിയ ഇടപെടല്‍ ഫലം കണ്ടിരിക്കുന്നു. അതിനാല്‍ ചൊവ്വാഴ്ച മുതല്‍ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുന്നു പുടിന്‍ അറിയിച്ചു. ക്രംലിനില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് പുടിന്‍ തീരുമാനം പ്രഖ്യാപിച്ചത്. ജനീവയില്‍ യു.എന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ഏറ്റവും പുതിയ സമാധാന ചര്‍ച്ചകള്‍ക്കിടെയാണ് റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം.
മാര്‍ച്ച് മാസത്തില്‍ സിറിയന്‍ ആഭ്യന്തര യുദ്ധം അഞ്ചാണ്ട് പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റഷ്യ സിറിയയില്‍ സൈനിക ഇടപെടല്‍ ആരംഭിച്ചത്. സിറിയന്‍ സര്‍ക്കാറിനെ വിമതരില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമായി റഷ്യ പറഞ്ഞത്.
അതേസമയം, സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനുണ്ടാകുന്ന വന്‍ സാമ്പത്തിക ചിലവാണ് റഷ്യയുടെ പിന്‍മാറ്റത്തിന് കാരണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ റഷ്യക്കുണ്ടായ ഒറ്റപ്പെടലും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും പിന്‍മാറ്റത്തിന്റെ കാരണങ്ങളായി പറയപ്പെടുന്നു. സിറിയയിലെ ഇടപെടല്‍ യു.എസുമായുള്ള റഷ്യയുടെ ബന്ധം വഷളാക്കിയിരുന്നു.
റഷ്യന്‍ സാന്നിദ്ധ്യത്തിന് ശേഷം 10000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വിമതരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു.
അഞ്ച് വര്‍ഷം നീണ്ട സിറിയയിലെ ആഭ്യന്തര കലാപത്തില്‍ രണ്ടര ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. റഷ്യ നടത്തിയ ഇടപെടലില്‍ 4408 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 1733 പേര്‍ സിവിലിയന്‍മാരാണ്.