Syria Intensifies Air Attacks Against Rebel-held part of Aleppo

ഡമാസ്‌കസ്: വിമതരുടെ അധീനതയിലുള്ള കിഴക്കന്‍ ആലപ്പോയില്‍ വ്യാഴാഴ്ചയ്ക്കു ശേഷം ഇതുവരെ സിറിയന്‍,റഷ്യന്‍ യുദ്ധവിമാനങ്ങള്‍ 600തവണ ആക്രമണം നടത്തിയെന്നു റിപ്പോര്‍ട്ട്. വിമതരുടെ കൈവശമുണ്ടായിരുന്ന ഹണ്ടറാറ്റ് ക്യാമ്പ് സിറിയന്‍ സൈന്യം പിടിച്ചെടുത്തു.

വ്യോമാക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം 91 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെ 54 പേര്‍കൂടി കൊല്ലപ്പെട്ടു. ഓരോ മിസൈലും പതിക്കുമ്പോള്‍ ഭൂകമ്പം ഉണ്ടാവുന്ന പ്രതീതിയാണെന്ന് ഒരു ആലപ്പോ നിവാസി പറഞ്ഞു.

കെട്ടിടങ്ങള്‍ അപ്പാടെ തകര്‍ക്കുന്ന തരത്തിലുള്ള മിസൈലുകളാണ് ഇവിടെ പ്രയോഗിക്കുന്നതെന്ന് വിമത വിഭാഗമായ ലെവാന്റ് ഫ്രണ്ടിലെ മുതിര്‍ന്ന അംഗം റോയിട്ടേഴ്‌സിനോടു പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനു തെരച്ചില്‍ നടത്തുകയാണെന്ന് സിറിയ സിവില്‍ ഡിഫന്‍സ് ഗ്രൂപ്പ്(വൈറ്റ് ഹെല്‍മറ്റ്‌സ്) മേധാവി അമ്മാര്‍ അല്‍ സെല്‍മോ പറഞ്ഞു. തങ്ങളുടെ ഗ്രൂപ്പിലെ അഞ്ചുപേര്‍ക്കു പരുക്കേറ്റെന്നും അദ്ദേഹം അറിയിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ആലപ്പോനഗരം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. കിഴക്കന്‍ ആലപ്പോ വിമതരുടെ കൈയിലാണ്. വ്യോമാക്രമണം ശക്തമായതിനെത്തുടര്‍ന്ന് ഇവിടെ ജനജീവിതം ദുസ്സഹമായി.

വ്യോമാക്രമണത്തില്‍ പൈപ്പുലൈന്‍ തകര്‍ന്നതിനെത്തുടര്‍ന്ന് കിഴക്കന്‍ ആലപ്പോയിലെ രണ്ടരലക്ഷത്തോളം പേര്‍ക്കു കുടിവെള്ളം ലഭിക്കുന്നില്ലെന്നു യുണിസെഫ് പറഞ്ഞു.

വിമതരുടെ പ്രതിരോധനിര തകര്‍ത്തശേഷം കരയാക്രമണം നടത്തി കിഴക്കന്‍ ആലപ്പോ പിടിച്ചെടുക്കുമെന്നു സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ബന്ധപ്പെട്ട എല്ലാവരും യോജിച്ചു പ്രവര്‍ത്തിച്ചാലേ സിറിയയില്‍ വെടിനിര്‍ത്തല്‍ പുനരാരംഭിക്കാനാവൂ എന്നും റഷ്യമാത്രം ചില വിട്ടുവീഴ്ചകള്‍ ചെയ്തതുകൊണ്ടു കാര്യമില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.

Top