സിറിയയില്‍ വിമതരെ നേരിടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് ഭരണകൂടം

ദമാസ്‌കസ്: സിറിയയില്‍ വിമതരെ നേരിടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് സിറിയന്‍ ഭരണകൂടം. രാസായുധം പ്രയോഗിച്ചാല്‍ സാധാരണക്കാരായ പതിനായിരങ്ങള്‍ കൊല്ലപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ് സിറിയന്‍ ഭരണകൂടം പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

സിറിയയിലെ വിമത കേന്ദ്രമായ ഇദ് ലിബിനെ സമ്പൂര്‍ണമായി തങ്ങളുടെ കൈപിടിയിലൊതുക്കാനുള്ള നീക്കങ്ങളാണ്‌ ബഷാറുല്‍ അസദ് ഭരണകൂടം നടത്തുന്നത്. ഇദ് ലീബിലെ അല്‍ നുസ്‌റ തീവ്രവാദികളെ ഏതു മാര്‍ഗവും ഉപയോഗിച്ച് ഇല്ലാതാക്കുമെന്ന് സിറിയന്‍ വിദേശകാര്യമന്ത്രി വലീദ് അല്‍ മൌലം പറഞ്ഞു. എന്നാല്‍ സാധാരണക്കാര്‍ക്ക് അത്യാഹിതങ്ങളുണ്ടാക്കുന്ന നടപടികളുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇദ് ലിബില്‍ സിറിയ രാസായുധം പ്രയോഗിക്കുമെന്ന ആശങ്ക ഐക്യരാഷ്ട്രസഭയ്ക്കുണ്ട്. റഷ്യ, ഇറാന്‍ , തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ യുഎന്‍ വിളിച്ചു വരുത്തുകയും സിറിയയെ ഇക്കാര്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇദ് ലിബില്‍ വിമത സേനയോടൊപ്പം പതിനായിരക്കണക്കിന് സാധാരണക്കാരാണ് ജീവിക്കുന്നത്. രാസായുധ പ്രയോഗമുണ്ടായാല്‍ ഇവരുടെ ജീവനും അപകടത്തിലാവും.

മൂന്ന് ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഇദ്‌ലിബ് ജനസംഖ്യയുടെ പകുതിയും വിമത പോരാളികളാണ്. നേരത്തേ സിറിയന്‍ സൈന്യം മോചിപ്പിച്ച അലിപ്പോ, കിഴക്കന്‍ ഗൗത്ത, ദര്‍ആ എന്നിവിടങ്ങളില്‍നിന്ന് സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇവിടേക്ക് കുടിയേറിയവരാണ് വിമത പോരാളികള്‍. ഈ പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സര്‍ക്കാരിനെ അംഗീകരിക്കാത്ത നിരവധി സിവിലിയന്മാരും ഇദ്‌ലിബില്‍ എത്തിയിട്ടുണ്ട്. അതേസമയം, തുര്‍ക്കിയുടെ സൈനിക സാന്നിധ്യമുള്ള പ്രദേശം കൂടിയാണ് ഇദ്‌ലിബ്. ഇവിടെയുള്ള വിവിധ വിമത വിഭാഗങ്ങളെ തുര്‍ക്കി പിന്തുണയ്ക്കുന്നുണ്ട്.

Top