ഡമാസ്‌കസ്: സിറിയയിലെ അലപോയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 10 കുട്ടികളും മൂന്ന് സഹോദരങ്ങളും ഉള്‍പ്പെടുമെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു. മറ്റ് ആറ്‌പേര്‍ വിമതര്‍ക്ക് ആധിപത്യമുളള നഗരങ്ങളിലുണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി കൗണ്‍സില്‍ അറിയിച്ചു.
അതേസമയം അക്രമണത്തിന് പിന്നില്‍ വിമതരാണെന്നാണ് സിറിയന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തത്. യു.എന്‍ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചക്ക് ശേഷം സിറിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് പുതിയ ആക്രമണം നടക്കുന്നത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഫലസ്തീന്‍ അഭയാര്‍ഥികളുടെ അവസ്ഥയെക്കുറിച്ചും യു.എന്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. 10,000 അഭയാര്‍ഥികളാണ് ഇവിടെ കഴിയുന്നത്.