സിറിയയില്‍ നിന്ന് പിടികൂടിയ 800 ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ട്രംപ്

വാഷിങ്ടണ്‍ ഡിസി: സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി. 800 ഓളം ഭീകരരെയാണ് അമേരിക്ക സിറിയയില്‍ നിന്ന് പിടികൂടിയത്.

ഇന്നലെ ട്വിറ്ററിലൂടെയാണ് ട്രംപ് യൂറോപ്പിന് മുന്നറിയിപ്പ് നല്‍കിയത്. സിറിയയില്‍ നിന്ന് പിടികൂടിയ ഭീകരരെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ സഖ്യരാജ്യങ്ങള്‍ സ്വീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. സിറിയയില്‍ ഐ.എസിന്റെ പതനം ഉറപ്പായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ട്രംപിന്റെ ആവശ്യം യൂറോപ്യന്‍ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും സഖ്യകക്ഷികള്‍ ആശങ്കയോടെയാണ് കാണുന്നത്. കിഴക്കന്‍ സിറിയയിലെ ഐ.എസിന്റെ അവസാന ശക്തികേന്ദ്രങ്ങളില്‍ ഒരാഴ്ച മുമ്പാണ് യു.എസ് പിന്തുണയോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്.ഡി.എഫ്) പോരാട്ടം ശക്തമാക്കിയത്.

ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന ബഖൂസ് എന്ന ഗ്രാമത്തിലായിരുന്നു ഐ.എസ് തമ്പടിച്ചിരുന്നത്. എസ്.ഡി.എഫ് പോരാട്ടത്തിന്റെ അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ ട്വീറ്റ്. ഐ.എസില്‍ ചേര്‍ന്നവരെ തിരികെ സ്വീകരിക്കാന്‍ ഫ്രാന്‍സ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഭീകരര്‍ യൂറോപ്പിലേക്ക് തിരിച്ചെത്തുന്നതില്‍ ബ്രിട്ടന്‍ ആശങ്ക പ്രകടിപ്പിച്ചു.

Top