syria war – help

സിറിയ: അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധവും ഉപരോധങ്ങളും ദുരിതത്തിന്റെ രൂപത്തില്‍ പെയ്തിറങ്ങിയ സിറിയന്‍ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സഹായം എത്തിത്തുടങ്ങി. സിറിയന്‍ ഭരണകൂടവും ഐക്യരാഷ്ട്രസഭയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഭക്ഷണവും മരുന്നും വസ്ത്രങ്ങളും അടക്കമാണ് ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് എത്തിക്കുന്നത്.

നൂറിലധികം ട്രക്കുകളാണ് വിവിധ പ്രദേശങ്ങളിലേക്ക് തിരിച്ചിട്ടുള്ളത്. ആദ്യ വാഹനവ്യൂഹം ദുരിതബാധിത പ്രദേശമായ മുഅദാമിയയില്‍ എത്തിയതായി യുഎന്‍ അറിയിച്ചു. മദായ, കെഫ്ര, ഫൗഅ അടക്കമുള്ള പ്രദേശങ്ങളില്‍ കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും ജനങ്ങള്‍ കഴിഞ്ഞുകൂടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.സിറിയന്‍ ഭരണകൂടവും വിമതരും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളാണ് ഈ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്.

പുറലോകവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥയിലാണ പല പ്രദേശങ്ങളും. അഞ്ച് ലക്ഷത്തിലധികം പേര്‍ ഇത്തരം പ്രദേശങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മദായ അടക്കമുള്ള ചില പ്രദേശങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സഹായം എത്തിച്ചുവെങ്കിലും പട്ടിണി ഇപ്പോഴും തുടരുകയാണ്.

Top