ഡമാസ്‌കസ്: അശാന്തി പടരുന്ന സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് യുഎന്‍ രക്ഷാ സമിതിയുടെ അംഗീകാരം. അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്മേല്‍ വ്യാഴാഴ്ച്ച നടന്ന വോട്ടെടുപ്പ് പലതവണ തടസപ്പെട്ടിരുന്നു.
വിമതകേന്ദ്രമായ കിഴക്കന്‍ ഗൂട്ടായില്‍ സിറിയന്‍ സേന തുടരുന്ന കനത്ത വ്യോമാക്രമണത്തില്‍ മരണം അഞ്ഞൂറിനു മുകളിലായിരുന്നു. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമായ ഗൂട്ടായില്‍ അസാദിനെ പിന്തുണയ്ക്കുന്ന റഷ്യയും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങള്‍ക്കു ബോംബിംഗില്‍ പങ്കില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
നാലുപാടും സിറിയന്‍ സേന വളഞ്ഞിരിക്കുന്നതിനാല്‍ ഗൂട്ടായിലെ നാലു ലക്ഷം വരുന്ന ജനങ്ങള്‍ക്കു പുറത്തേക്കു രക്ഷപ്പെടാനാകുന്നില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റു സഹായപ്രവര്‍ത്തനങ്ങള്‍ നടത്താനും ലക്ഷ്യമിട്ടാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. ഗൂട്ടായിലുള്ളത് തീവ്രവാദികളാണെന്നും ഇവരുമായി വെടിനിര്‍ത്തല്‍ വേണ്ടെന്നുമായിരുന്നു റഷ്യയുടെ നിലപാട്.