തുര്‍ക്കിയുടെ അക്രമണത്തെ നേരിടാന്‍ സിറിയന്‍ സൈന്യം മന്‍ബിജില്‍

ഡമാസ്‌കസ്: തുര്‍ക്കിയുടെ അക്രമണത്തെ നേരിടാന്‍ സിറിയന്‍ സൈന്യം മന്‍ബിജില്‍ എത്തി. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ തുര്‍ക്കിയുടെ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്ന് കുര്‍ദിഷ് പോരാളികളുടെ ക്ഷണം സ്വീകരിച്ചാണ് സിറിയന്‍ സേന മന്‍ജിബില്‍ എത്തിയിരിക്കുന്നത്.

2016ലാണ് മന്‍ബിജ് യുഎസ് പിന്തുണയുള്ള കുര്‍ദിഷ് വൈപിജി പോരാളികള്‍ പിടിച്ചെടുത്തത്. അതിന് മുന്‍പ് ഭീകരസംഘടനയായ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു നഗരം. തുര്‍ക്കി ഭരണകൂടം വൈപിജിയെ ശത്രുക്കളായാണു കാണുന്നത്. തുര്‍ക്കിയില്‍ നിരോധിച്ചിട്ടുള്ള കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഭാഗമാണു വൈപിജിയെന്ന് ആരോപിക്കുന്ന അങ്കാറ ഭരണകൂടം ഏതുവിധേനയും അവരെ തകര്‍ക്കുമെന്ന നിലപാടിലാണ്.

ഈ മാസം 19നാണ് സിറിയയില്‍നിന്നു പിന്‍വാങ്ങുമെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നു 30കിലോമീറ്റര്‍ മാത്രം അകലെയുള്ള മന്‍ബിജില്‍ സൈന്യം ആക്രമണം നടത്തി തങ്ങളെ തുരത്തുമെന്ന് കുര്‍ദുകള്‍ ഭയന്നു. ഈ സാഹചര്യത്തിലാണ് അസാദിനോടുള്ള ശത്രുത വെടിഞ്ഞ് സിറിയന്‍സേനയെ അയയ്ക്കണമെന്നു കുര്‍ദുകള്‍ അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് 300ല്‍ അധികം സിറിയന്‍ സൈനികര്‍ മന്‍ബിജ് മേഖലയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

Top