സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസ്; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയത് ഉൾപ്പടെയുള്ള വിവിധ ഹർജികൾ വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ സിറോ മലബാർ സഭയുടെ താമരശ്ശേരി രൂപത സമർപ്പിച്ച ഹർജിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി രൂപത നൽകിയ ഹർജി സിറോ മലങ്കര സഭയുടെ ബത്തേരി രൂപത നൽകിയ ഹർജിക്ക് ഒപ്പമാണ് സുപ്രിം കോടതി പരിഗണിക്കുക.

ബത്തേരി രൂപതയുടെ ഹർജിയിൽ നോട്ടീസ് അയച്ചതിനാൽ താമരശ്ശേരി രൂപതയുടെ ഹർജിയിൽ പ്രത്യേക നോട്ടീസ് സുപ്രിം കോടതി അയച്ചിരുന്നില്ല. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേസ് കേൾക്കുന്നത്. സംസ്ഥാന സർക്കാറും, കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരാണ് എതിർ കക്ഷികൾ.

സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതൽ 39 വരെയുള്ള ഖണ്ണികൾക്ക് എതിരായാണ് രൂപതകൾ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട കേസിലെ വിധി, എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്നാണ് ബത്തേരി, താമരശ്ശേരി രൂപതകളുടെ വാദം.

 

Top