ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നു; സീറോ മലബാര്‍ സിനഡ്

കാക്കനാട്: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ സീറോ മലബാര്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്ന് സിറോ മലബാര്‍ സഭ സിനഡ് പറഞ്ഞു.

പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണ്.കേരളത്തില്‍ നിന്ന് ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്ന് സഭ കുറ്റപ്പെടുത്തി.

ക്രിസ്തുമസ് നാളില്‍ നൈജീരിയായില്‍ നടന്ന ക്രിസ്ത്യന്‍ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. കേരളത്തിലും ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി സിനഡ് വിലയിരുത്തി.

‘കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.’

‘ഔദ്യോഗിക കണക്കുകളില്‍പെടാത്ത അനേകം പെണ്‍കുട്ടികള്‍ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ലൗ ജിഹാദ് സാങ്കല്‍പ്പികമല്ലെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുകയും പീഡന ദൃശ്യങ്ങളുപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതായ പരാതികള്‍ കേരളത്തില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളില്‍ പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നത് ദു:ഖകരമാണ്.’

‘മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി മനസിലാക്കി നിയമപാലകര്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം,’ എന്നും സിനഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Top