സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ്; നടന്നത് കോടികളുടെ വെട്ടിപ്പ്, അന്വേഷണത്തിന് ഇഡി

അങ്കമാലി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഭൂമി വില്‍പ്പനയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാടാണ് ഭൂമി വില്‍പ്പനയില്‍ നടത്തിയതെന്ന് ഇ.ഡി പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഇടനിലക്കാര്‍ക്ക് നോട്ടീസ് അയച്ചു.

കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പ്രതികളാണ് ഉള്ളത്. ഭൂമി വില്‍പ്പനയിലെ ഇടനിലക്കാരും വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം.

Top