സിറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം; പ്രതിഷേധവുമായി വൈദികരുടെ പ്രാര്‍ത്ഥനാ യജ്ഞം

എറണാകുളം: സിറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണത്തില്‍ പ്രതിഷേധം ശക്തമാക്കി വൈദികര്‍. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ സിറോ മലബാര്‍ സഭ ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്തി. കാക്കനാട് സിറോ മലബാര്‍ സഭാ ആസ്ഥാനത്താണ് പ്രതിഷേധം.

കുര്‍ബാന ക്രമം ഏകീകരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗവും പ്രതിഷേധത്തിനായി എത്തി. ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഭയ്ക്കുള്ളതില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നം സിനഡ് അടിയന്തിരമായി ചേര്‍ന്ന് പരിഹരിക്കണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

ഇക്കാര്യത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരിയെ കണ്ട് നിവേദനം സമര്‍പ്പിക്കണമെന്നാണ് ജനാഭിമാന കുര്‍ബാനയ്ക്ക് എതിരായി നില്‍ക്കുന്ന വൈദികരുടെ ആവശ്യം. പക്ഷെ ഇവരെ അകത്തേക്ക് കടത്തി വിടാന്‍ ഒരു വിഭാഗം വിശ്വാസികള്‍ തയാറാകുന്നില്ല. തുടര്‍ന്ന് പൊലീസ് ഇടപ്പെട്ട് ഇരുവിഭാഗക്കാരെയും ശാന്തരാക്കാനുള്ള ശ്രമം നടത്തുകയാണ്.

കാല്‍ നൂറ്റാണ്ട് മുന്‍പ് സിനഡ് ചര്‍ച്ച ചെയ്ത് വത്തിക്കാന് സമര്‍പ്പിച്ച ശുപാര്‍ശയായിരുന്നു സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാല്‍ പലവിധത്തിലുള്ള എതിര്‍പ്പുകളില്‍ തട്ടി തീരുമാനം വൈകുകയായിരുന്നു.

Top