ടി-20 റാങ്കിംഗ്; രണ്ടാം സ്ഥാനം നിലനിർത്തി സൂര്യകുമാർ

ബാറ്റർമാരുടെ ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തന്നെ. പാകിസ്താൻ നായകൻ ബാബർ അസമാണ് ഒന്നാമത്. സൂര്യകുമാറിന് 805 റേറ്റിംഗും ബാബർ അസമിന് 818 റേറ്റിംഗും ഉണ്ട്.

മധ്യനിര താരം ശ്രേയാസ് അയ്യർ ആറ് സ്ഥാനങ്ങൾ കയറി 19ആം സ്ഥാനത്തെത്തി. സ്പിന്നർ രവി ബിഷ്ണോയ് 50 സ്ഥാനങ്ങൾ മറികടന്ന് 44ആം സ്ഥാനത്തെത്തി. കുൽദീപ് യാദവും റാങ്കിംഗിൽ നേടമുണ്ടാക്കി. 87ആം സ്ഥാനത്തായിരുന്നു കുൽദീപ് പുതിയ റാങ്കിംഗ് പ്രകാരം 58ആമതാണ്.

ഷഹീൻ അഫ്രീദിയെ നേരിടേണ്ടതെങ്ങനെയെന്ന് ഇന്ത്യൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും മുൻ പാക് താരം ഡാനിഷ് കനേരിയ ഉപദേശം നൽകിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ഷഹീൻ അഫ്രീദിക്ക് മുന്നിലാണ് ഇരുവരും വീണത്. അതുകൊണ്ട് തന്നെ ഷഹീനെ വിജയകരമായി നേരിടുന്നതിനനുസരിച്ചാവും ഏഷ്യാ കപ്പിൽ ഇന്ത്യയുടെ സാധ്യതകൾ. ഇതിന് തന്റെ ഉപദേശം സഹായിക്കുമെന്ന് കനേരിയ പറയുന്നു.

ഷഹീൻ അഫ്രീദിയെ ഭയക്കേണ്ട കാര്യമില്ലെന്ന് കനേരിയ പറയുന്നു. കോലിയും രോഹിതുമൊക്കെ ലോകോത്തര ബാറ്റർമാരാണ്. ഫുള്ളർ ലെങ്തിലാവും ഷഹീൻ പന്തെറിയുക. ഫുട്ട് മൂവ്മെന്റിനു പകരം ശരീരത്തോട് ബാറ്റ് ചേർത്ത് കളിക്കണമെന്നും കനേരിയ പറയുന്നു.

കഴിഞ്ഞ ടി-20 ലോകകപ്പിൽ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി എന്നിവരെയാണ് ഷഹീൻ വീഴ്ത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ 3 റൺസെടുത്ത് രാഹുൽ മടങ്ങി. തന്റെ ആദ്യ സ്പെല്ലിൽ തന്നെ ഇന്ത്യയുടെ ഓപ്പണർമാരെ മടക്കിയ ഷഹീൻ ആണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയത്.

ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്.

 

Top