കൊളംബോ: ശ്രീലങ്കക്കെതിരായ അവസാന ടി-20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇന്ന് മൂന്ന് മലയാളികള്‍ കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ നവ്ദീപ് സെയ്‌നിക്ക് പകരം മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ന് ടീമില്‍ ഇടം നേടിയേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം മൂന്നാമത്തെ മലയാളി താരമാവും ഇന്ത്യക്കായി കളിക്കുക.
രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓരോ മത്സരം വീതം വിജയിച്ച് ഇരു ടീമുകളും പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര ഇന്ത്യക്ക് മുന്നില്‍ അടിയറ വെക്കേണ്ടിവന്നതോടെ ടി-20 പരമ്പരയെങ്കിലും വിജയിക്കാനാണ് ശ്രീലങ്കയുടെ ശ്രമം.
അതേസമയം, 8 താരങ്ങള്‍ ഐസൊലേഷനിലും ഒരാള്‍ ക്വാറന്റീനിലുമായതോടെ ഒരു ബാറ്റ്‌സ്മാന്‍ കുറഞ്ഞ ഇന്ത്യക്ക് വിജയിച്ച് റെക്കോര്‍ഡ് നേടാനാവും ശ്രമം. ഇന്ന് രാത്രി 8 മണിക്ക് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.