കൊച്ചി: തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് വഴി തുറക്കുന്നു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് മുമ്പുള്ള പരിശോധനകള്‍ വേണ്ട രീതില്‍ നടത്തിയില്ലെന്നാണ് ആരോപണം.
റസാഖിന് കരള്‍ ദാനം ചെയ്ത സഹോദരന്‍ കോയമോന് ഡെങ്കിപനിയുണ്ടെന്ന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് മുമ്പ് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കാതിരുന്നതാണ് റസാഖിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ജൂലൈ 28ന് റസാഖിനെയും കോയമോനെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഈ മാസം രണ്ടിനായിരുന്നു ശസ്ത്രക്രിയ. ഇത് നടന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ കോയമോന് പനി തുടങ്ങി. പിന്നീട് രക്തത്തിലെ പ്‌ളേറ്റ്‌ലെറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്.തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ മാസം 11ഓടെ റസാഖിനും പനി ബാധിച്ചു.
കോയമോന് ഡെങ്കി സ്ഥിരീകരിച്ച സാഹചര്യത്തില്‍ റസാഖിന്റെ രക്തം എടുത്തും പരിശോധന നടത്തി. തുടര്‍ന്നാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയെ തുടര്‍ന്നുണ്ടായ അണുബാധയാണ് റസാഖിന്റെ മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങളും അദ്ദേഹത്തെ ശസ്ത്രക്രിയ ചെയ്ത ഡോ. സുധീന്ദ്രനും വ്യക്തമാക്കിയിരുന്നു.
ഇത് നേരത്തേ കണ്ടത്തൊനാവാതിരുന്നത് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണെന്ന് റസാഖിന്റെ പിതൃസഹോദരനും സംവിധായകനുമായ സിദ്ദീഖ് താമരശേരി ആരോപിച്ചു.
കോയമോന് നാല് കൊല്ലം മുമ്പുണ്ടായ ഡെങ്കിപ്പനിയുടെ അണുക്കള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിലനിന്നിരുന്നുവെന്നും വീണ്ടും പനിക്കാന്‍ കാരണമിതായിരുന്നെന്നും ഡോ. സുധീന്ദ്രന്‍ പറഞ്ഞതായി സിദ്ദീഖ് അറിയിച്ചു.
’30 ലക്ഷം രൂപ വാങ്ങി ശസ്ത്രക്രിയ ചെയ്യുമ്പോള്‍ എല്ലാ പരിശോധനകളും നടത്തണമായിരുന്നു. രക്തം കള്‍ചര്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ, രോഗ സൂചന ലഭിച്ചേനെ. അതൊന്നും ആശുപത്രി ചെയ്തില്ല. കോയമോന് രണ്ടുതവണ പനിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു. ഈ രോഗമിരിക്കെ കരള്‍ എടുത്ത് റസാഖിന് വെച്ചുപിടിപ്പിച്ചതാണ് അദ്ദേഹത്തിനും ഡെങ്കി വരാന്‍ കാരണം.
കൊതുകിന്റെ കടിയേറ്റാണ് പനി വന്നതെങ്കില്‍ അതും സംഭവിച്ചത് ആശുപത്രിയില്‍ വെച്ചാണെന്ന് സിദ്ദീഖ് ആരോപിച്ചു. ആശുപത്രിക്കെതിരെ പരാതി കൊടുക്കുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങള്‍ ആലോചിക്കുകയാണെന്നും സിദ്ദീഖ് പറഞ്ഞു.
ഡെങ്കിപ്പനി ബാധിച്ച കോയമോന്റെ കരള്‍ വെച്ചതിനാലാവാം റസാഖിനും പനി ബാധിക്കാന്‍ കാരണമെന്ന് ഡോ. സുധീന്ദ്രന്‍ പറഞ്ഞു. കൊതുകു കടിയേറ്റ് ചുരുങ്ങിയത് ഏഴ് ദിവസം കഴിഞ്ഞാല്‍ ഡെങ്കി വരും.
റസാഖ് ആശുപത്രിയില്‍ എത്തിയ ദിവസവും പനി വന്നതും നോക്കുമ്പോള്‍ അദ്ദേഹത്തിന് കൊതുക് കടിയേറ്റത് കൊച്ചിയില്‍നിന്നാകാമെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം, കരള്‍ മാറ്റത്തിന് സാധാരണ രക്ത പരിശോധനയേ നടത്താറുള്ളൂ. സാധാരണ നിലയില്‍ ഡെങ്കി പരിശോധന നടത്തിയാലും രോഗബാധ കണ്ടത്തെണമെന്നില്ല. പനി ബാധിച്ചശേഷം പരിശോധന നടത്തിയാലാണ് രോഗം കണ്ടെത്താന്‍ സാധിക്കുവെന്നും സുധീന്ദ്രന്‍ വ്യക്തമാക്കി.