T.C. Mathew frontrunner BCCI interim president post

ടി.സി.മാത്യു ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റായേക്കാന്‍ സാധ്യത. അമിതാഭ് ചൗധരി സെക്രട്ടറിയാകും. ബിസിസിഐയുടെ പുതിയ ഭരണസമിതിയെ നിര്‍ദേശിക്കാനുള്ള സമിതിയില്‍ അനില്‍ ബി. ദിവാനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്.

പുതിയ ഭരണസമിതി നിലവില്‍വരും വരെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് ഇടക്കാല പ്രസിഡന്റും ജോയിന്റ് സെക്രട്ടറി ഇടക്കാല സെക്രട്ടറിയുമാവുക എന്ന നിര്‍ദേശമാണ് സുപ്രീംകോടതി നല്‍കിയത്.

വിവിധ മേഖലകളെ പ്രതിനിധീകരിച്ച് അഞ്ചു വൈസ് പ്രസിഡന്റുമാരാണ് ബിസിസിഐയ്ക്കുള്ളത്. എം.എല്‍.നെഹ്‌റു. ഡോ.ജി.ഗംഗാരാജു, ഗൗതം റോയ്, സി.കെ.ഖന്ന, ടി.സി.മാത്യു.

ഇതില്‍ സി.കെ.ഖന്നയും ജി.ഗംഗാരാജുവുമാണ് മുതിര്‍ന്ന വൈസ് പ്രസിഡന്റുമാരെങ്കിലും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ അനുസരിച്ചുള്ളയാളാകാണം ഇടക്കാല പ്രസിഡന്റെന്നത് കേരളത്തില്‍ നിന്നുള്ള ടി.സി.മാത്യുവിന് സാധ്യത നല്‍കുന്നു.

എഴുപത് വയസില്‍ താഴെ പ്രായവും ബിസിസിഐ പദവികള്‍ 9 വര്‍ഷം വഹിക്കാത്തയാളുമായിരിക്കണം ഇടക്കാല പ്രസിഡന്റ്.

അങ്ങനെ വന്നാല്‍ എസ്.കെ.നായര്‍ സെക്രട്ടറിയായ ശേഷം കേരളത്തില്‍ നിന്ന് ബിസിസിഐ തലപ്പത്തെത്തുന്ന ആദ്യ മലയാളിയാകും ടി.സി.മാത്യു. ജനുവരി 19 ന് പുതിയ ഭരണ സമിതി നിലവില്‍ വരും.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും നാഷണല്‍ ക്രിക്കറ്റ് അക്കാദമി മുന്‍ അധ്യക്ഷനുമായ ബ്രിജേഷ് പട്ടേല്‍, ഹൈദരാബാദില്‍ നിന്നുള്ള മുന്‍ ക്രിക്കറ്റ് താരം ശിവ്‌ലാല്‍ യാദവ് എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്‍ ക്രമക്കേടിനെ തുടര്‍ന്ന് എന്‍.ശ്രീനിവാസനെ കോടതി പുറത്താക്കിയപ്പോള്‍ ശിവ്‌ലാല്‍ യാദവാണ് ബിസിസിഐ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിച്ചത്.

Top