T.P Dasan, soprts council president

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് രാജി വച്ചതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന്‍ ഇന്ന് ചുമതലയേല്‍ക്കും.

ഉച്ചയ്ക്ക് 3.30ഓടെയാണ് ദാസന്‍ ചുമതലയേല്‍ക്കുക. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. മുന്‍ എം.എല്‍.എ വി.ശിവന്‍ കുട്ടിയേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

പ്രസിഡന്റിനെ കൂടാതെ ഒമ്പത് കൗണ്‍സില്‍ അംഗങ്ങളേയും നിയമിച്ചിട്ടുണ്ട്. അഞ്ജു ബോബി ജോര്‍ജ്ജ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ദാസന്റെ നിയമനം.

മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തും ദാസന്‍ ഈ ചുമതല വഹിച്ചിരുന്നു. ഇക്കാലത്തെ സ്‌പോര്‍ട് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദാസനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞമാസം 22 നാണ് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളായിരുന്നു രാജിക്ക് പിന്നില്‍.

അഞ്ജു അഴിമതിക്കാരിയാണെന്ന കായികമന്ത്രി ഇ പി ജയരാജന്റെ പ്രസ്താവനയാണ് വിവദങ്ങളിലേക്കും തുടര്‍ന്ന് അഞ്ജുവിന്റെ രാജിയിലേക്കും നയിച്ചത്.

അഞ്ജു സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഇരുന്ന് അഴിമതി നടത്തിയതായി ടി പി ദാസനും നേരത്തെ ആരോപിച്ചിരുന്നു. യോഗ്യത ഇല്ലാത്ത സഹോദരനെ ഉന്നത പദവിയില്‍ നിയമിച്ചു, പരിശീലകരുടെ സ്ഥലം മാറ്റങ്ങളില്‍ വന്‍അഴിമതി നടന്നു തുടങ്ങിയവയാണ് അഞ്ജുവിനെതിയെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍.

അതേസമയം സ്‌പോര്‍ട്‌സ് കൗണ്‍സിലെ അഴിമതി പുറത്തു കൊണ്ടു വന്നതില്‍ തന്നോട് അമര്‍ഷമാണെന്ന് രാജിപ്രഖ്യാപന വേളയില്‍ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

താന്‍ ചുമതലയേറ്റ ആറര മാസകാലത്തിനുളളില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും കായികരംഗം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ നടന്നതെന്നും അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചു.

തന്റെ സഹോദരന് ജോലി നല്‍കിയത് കൗണ്‍സില്‍ അല്ല സര്‍ക്കാരാണെന്ന് അഞ്ജു പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കൗണ്‍സിലിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രിക്ക് അഞ്ജു കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഇതില്‍ ദാസന്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാലത്തെ സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പില്‍ വന്‍ അഴിമതി നടന്നെന്ന സൂചന അഞ്ജു നല്‍കിയിരുന്നു.

അതേസമയം അഴിമതി ആരോപണം ദാസന്‍ നിഷേധിച്ചു. അഞ്ജു ആവശ്യപ്പെട്ട ആന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Top