തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഏറെ പ്രധാനമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍.
മദ്യനിരോധനം കൊണ്ടുമാത്രം സമൂഹത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയില്ല. മദ്യവര്‍ജ്ജനമാണ് വേണ്ടത്. ഒറ്റദിവസം കൊണ്ട് ഇത് സാദ്ധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി വാരഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പും പി.ആര്‍.ഡിയും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രമാനുഗതമായ ബോധവത്കരണത്തിലൂടെ മാത്രമെ മദ്യവര്‍ജ്ജനം സാദ്ധ്യമാവൂ. ഇതിനായി ‘വിമുക്തി ‘എന്ന പേരില്‍ കേരള ലഹരി വര്‍ജ്ജന മിഷന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ടെണ്ടുല്‍ക്കറായിരിക്കും പദ്ധതിയുടെ അംബാസിഡര്‍.
മുഖ്യമന്ത്രി ചെയര്‍മാനായ വിമുക്തി ഭരണസമിതിയില്‍ വിവിധ വകുപ്പു മന്ത്രിമാര്‍ അംഗങ്ങളായിരിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എക്‌സൈസ് മന്ത്രിയാണ്.
ജില്ലാ , ബ്‌ളോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി , പഞ്ചായത്ത് തലങ്ങളില്‍ മിഷന് കമ്മിറ്റികള്‍ നിലവില്‍ വരും.
വാര്‍ഡു മെമ്പര്‍ കണ്‍വീനറായ വാര്‍ഡുതല കമ്മിറ്റികളില്‍ കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തും.
വിപുലവും സുസ്ഥിരവുമായ ജനകീയ അടിത്തറയാവും മിഷനുണ്ടായിരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
മികച്ച ലഹരി വിമുക്ത ക്ലബുകള്‍ക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.