സര്‍ക്കാറിനോട് സെന്‍കുമാര്‍ ഏറ്റുമുട്ടലിനില്ല , എന്നാല്‍ എടുത്ത നിലപാടുകളില്‍ മാറ്റവുമില്ല

തിരുവനന്തപുരം: സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലെന്ന് പൊലീസ് മേധാവി ടി പി സെന്‍കുമാര്‍.

എന്നാല്‍ താന്‍ സ്വീകരിച്ച വകുപ്പുതല നടപടികളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നുള്ള കര്‍ക്കശ നിലപാടിലാണ് അദ്ദേഹം.

ഇപ്പോഴത്തെ ‘സാഹചര്യം’ മുതലെടുക്കാന്‍ ആര് തന്നെ ശ്രമിച്ചാലും വകവച്ചു കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനമത്രെ.

അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത് സംബന്ധമായി ജീവനക്കാരി നല്‍കിയ പരാതി ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയിലിരിക്കെയാണ് സെന്‍കുമാറും ഇപ്പോള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്.

കഴിഞ്ഞ പത്തുമാസമായി വീഴ്ചകളൊന്നും ഇല്ലാതെ ടി ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചു വന്ന തന്നെ കാരണമില്ലാതെ മാറ്റിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ സ്ഥലം മാറ്റപ്പെട്ട കുമാരി ബീന ചൂണ്ടിക്കാട്ടുന്നത്.

ബീനയുടെ പരാതിയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

സര്‍ക്കാര്‍ പൊലീസ് മേധാവിയുടെ ഉത്തരവ് റദ്ദാക്കിയാല്‍ പിന്നെ അത് തുറന്ന പോരാട്ടത്തിലേക്ക് വഴിവയ്ക്കാനാണ് സാധ്യത.

മറിച്ച് ഇക്കാര്യം പൊലീസ് അധികാരിയുടെ ചുമതലയില്‍പ്പെട്ടതാണെന്ന് പറഞ്ഞ് ഫയല്‍ ആഭ്യന്തര സെക്രട്ടറി മടക്കി അയച്ചാല്‍ വിവാദങ്ങള്‍ കെട്ടടങ്ങും.

പൊലീസ് മേധാവിയും സര്‍ക്കാറും തമ്മിലുള്ള ഭിന്നത ആത്യന്തികമായി ബാധിക്കുക പൊലീസ് സംവിധാനത്തെയും ഭരണത്തെയുമായതിനാല്‍ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകളായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

അതേസമയം പൊലീസ് ആസ്ഥാനത്തെ ചേരിപ്പോര് സേനയിലെ ഉദ്യോഗസ്ഥരെയാകെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

പൊലീസ് ചീഫ് ആരാണെങ്കിലും മേലുദ്യോഗസ്ഥനെ ബഹുമാനിക്കണമെന്നും ഉത്തരവ് അനുസരിക്കണമെന്നുമാണ് നിയമം.

ഇതിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും കര്‍ക്കശ നടപടിയാണ് ഉണ്ടാവാറുള്ളത്.

ഇവിടെ സര്‍ക്കാറുമായി ഏറ്റുമുട്ടി വന്ന സെന്‍കുമാറിന് രണ്ട് മാസത്തില്‍ താഴെ മാത്രം കാലയളവ് ഉള്ളതിനാല്‍ പൊലീസ് ആസ്ഥാനത്തെ കീഴുദ്യോഗസ്ഥര്‍ പോലും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സാഹചര്യമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

സെന്‍കുമാറിന്റെ തിരിച്ചുവരവ് കണക്കിലെടുത്ത് പൊലീസ് ആസ്ഥാനത്തെ ഐപിഎസുകാര്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ മാറ്റി നിയമിച്ചിരുന്നു. ഇഷ്ടക്കാര്‍ക്കായിരുന്നു നിയമനം.

ഇവര്‍ പോലുമറിയാതെ സെന്‍കുമാര്‍ നേരിട്ട് ഉത്തരവ് ഇറക്കുന്നതാണ് ഭിന്നതക്ക് പ്രധാന കാരണം.

ഡിവൈഎസ്പി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ട് നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവിക്ക് കഴിയില്ല. സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാന്‍ മാത്രമേ സാധിക്കു.

ഈ സാഹചര്യത്തില്‍ അനുസരണക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഫയലില്‍ ‘ചുവപ്പ് ‘ അടയാളപ്പെടുത്തി പിന്നീട് നിയമപരമായി നേരിടാനാണ് സാധ്യതയെന്ന വിവരവും പുറത്തു വരുന്നുണ്ട്.

അതേസമയം കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇപ്പോഴും താല്‍പ്പര്യം മുന്‍ പൊലീസ് മേധാവി ബഹ്‌റയേക്കാള്‍ സെന്‍കുമാറിനോട് തന്നെയാണ്.

അതുകൊണ്ടാണ് ബഹ്‌റ കൈക്കൊണ്ട ചില തീരുമാനങ്ങള്‍ പുന:പരിശോധിക്കാനും അന്വേഷിക്കാനും സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും സേനക്ക് അകത്ത് നിന്ന് ഒരു എതിര്‍ശബ്ദം പോലും ഉയരാതിരുന്നത്.

ഇനിയുള്ള കാര്യങ്ങളെല്ലാം സര്‍ക്കാറിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും.

Top