ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിന് ഇരട്ടി മധുരം. സംസ്ഥാന പൊലീസ് ചീഫായി കേരള സര്‍ക്കാര്‍ നിയമിക്കാത്തതിനെതിരെ സുപ്രീം കോടതിതന്നെ കോര്‍ട്ടലക്ഷ്യ നടപടി തുടങ്ങിയതും ഒരിക്കല്‍ പടിയിറക്കപ്പെട്ട കസേരയില്‍ വീണ്ടും ഇരിക്കാനുള്ള സാഹചര്യവും അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ‘ഗ്രീന്‍ സിഗ്‌നലു’മാണ് സെന്‍കുമാറിന് ഇപ്പോള്‍ നേട്ടമാവുന്നത്.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണ്ണറുടെ പക്കല്‍ നിന്നും വന്നാല്‍ അനുകൂല തീരുമാനമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന.
ശുപാര്‍ശയില്‍ പ്രധാനമന്ത്രി തലവനായ നിയമന സമിതി അംഗീകാരം നല്‍കിയതിന് ശേഷം മാത്രമേ രാഷ്ട്രപതിയുടെ പരിഗണനക്ക് പോവുകയൊള്ളു.
വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തുടര്‍ നടപടിയുണ്ടായാല്‍ അത് രാഷ്ട്രീയ പകപോക്കലായി മാത്രമേ കണക്കാക്കാന്‍ കഴിയു എന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
സെന്‍കുമാറിന് മുന്നിലെ തടസ്സങ്ങള്‍ ഇനി വിലപ്പോവില്ലെന്നും ഉചിതമായ തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നുമാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയുള്ള സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നത്.
അതായത് ഇപ്പോള്‍ സെന്‍കുമാറിനെതിരെ നില്‍ക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെയും ഡിജിപി ബഹ്‌റയുടെയുമുള്‍പ്പെടെയുള്ളവരുടെ സര്‍വ്വീസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവിടെ എത്തണമെന്ന് ചുരുക്കം. ഒരു ഹൈക്കോടതി ജഡ്ജിയും മറ്റ് രണ്ട് അംഗങ്ങളുമാണ് ട്രിബ്യൂണലില്‍ ഉള്ളത്.
നിലവിലെ 2 ഒഴിവുകളിലേക്ക് 2010ല്‍ 20 പേരാണ് അപേക്ഷിച്ചിരുന്നത്. സെന്‍കുമാറിനെ കൂടാതെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വി.സോമസുന്ദരമാണ് ഇപ്പോള്‍ പട്ടികയിലുള്ളത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം ശാന്തന ഗൗഡര്‍ അദ്ധ്യക്ഷനായ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.
2016 ഒക്ടോബര്‍ 22ന് ട്രിബ്യൂണല്‍ നിയമന ശുപാര്‍ശ സര്‍ക്കാറിന് നല്‍കിയെങ്കിലും സെന്‍കുമാറിന്റെ കാര്യത്തിലെ ‘ഉടക്കില്‍ ‘ ശുപാര്‍ശ ഒപ്പ് വച്ച് ഗവര്‍ണ്ണര്‍ക്കയക്കാതെ വൈകിപ്പിക്കുകയായിരുന്നു.
വീണ്ടും അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും പാനല്‍ വിപുലീകരിക്കണമെന്നും ഇതിന് ഗവര്‍ണ്ണറുടെ അനുമതി തേടണമെന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനത്തില്‍ സര്‍ക്കാറിന് പരിമിത അധികാരം മാത്രമേ ഒള്ളൂവെന്ന ഹൈക്കോടതി ഉത്തരവ് നിയമോപദേശകര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഗവര്‍ണ്ണര്‍ക്ക് ഫയല്‍ അയക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ബന്ധിതമായത്.
ആറ് മാസത്തോളം വൈകിപ്പിച്ച ശുപാര്‍ശ, പൊലീസ് ചീഫായി നിയമിക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ കോര്‍ട്ടലക്ഷ്യ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന്റെ തൊട്ട് മുന്‍പാണ് ഗവര്‍ണ്ണര്‍ക്കയച്ചിരുന്നത്.
കോര്‍ട്ടലക്ഷ്യ നടപടി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ വിരോധത്തിന്റെ മറ്റൊരു കാരണമായി സെന്‍കുമാറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത് ഒഴിവാക്കാനായിരുന്നു ഈ നടപടി.
എന്നാല്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ സുപ്രീം കോടതി സര്‍ക്കാരിനെതിരെ കോര്‍ട്ടലക്ഷ്യ നടപടിക്ക് തുടക്കമിട്ടു കഴിഞ്ഞു. സെന്‍കുമാറിനെ നിയമിച്ചില്ലങ്കില്‍ എന്ത് ചെയ്യാമെന്നറിയാമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സുപ്രീം കോടതി നടപടികള്‍ക്ക് ചിലവായ തുക സെന്‍കുമാറിന് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ജൂണ്‍ 30ന് വിരമിച്ചാലും ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയിലിരിക്കാനുള്ള സാധ്യതയാണ് സെന്‍കുമാറിന് മുന്നില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നത്.
സെന്‍കുമാര്‍ ട്രിബ്യൂണല്‍ അംഗമായി നിയമിതനായാല്‍ സംസ്ഥാന സര്‍ക്കാറിന് അത് വലിയ ‘തലവേദന’യാകാനാണ് സാധ്യത.
ഐ പി എസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്ന സാഹചര്യത്തില്‍ സെന്‍കുമാര്‍ ട്രിബ്യൂണല്‍ അംഗമായാല്‍ കേസിന് പോകാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ‘പ്രചോദന’മാകുമെന്നതിനാലാണിത്.
സെന്‍കുമാര്‍ റിട്ടയര്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം മാത്രമേ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗമായി തിരഞ്ഞെടുത്തത് സംബന്ധിച്ച ഉത്തരവുണ്ടാകാവൂ എന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്.
ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സാധ്യതയും തളളിക്കളയാന്‍ കഴിയില്ല.