exclusive -കോർട്ടലക്ഷ്യ ഹർജി വന്നപ്പോൾ 25,000 അടച്ച ഐ.ജിയുണ്ട് സെൻകുമാറിനു കീഴിൽ !

കൊച്ചി: സര്‍ക്കാറിനെ കൊണ്ട് 25,000 രൂപ പിഴയടപ്പിക്കാന്‍ ഉത്തരവ് സമ്പാദിച്ച സെന്‍കുമാറിന് കീഴില്‍ കോര്‍ട്ടലക്ഷ്യ നടപടിയെ തുടര്‍ന്ന് 25,000 രൂപ പിഴയടച്ച മറ്റൊരു ഉദ്യോഗസ്ഥനുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത്.

2007-ല്‍ എറണാകുളം വെണ്ണല ജനതാ റോഡിലെ വസ്തു കയ്യേറ്റവുമായി ബന്ധപ്പെട്ടും പൊലീസ് പീഡനം ചൂണ്ടിക്കാട്ടിയും ബിസിനസ്സുകാരനായ പി വി വിജു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് 25,000 രൂപ കോടതി ചിലവിനത്തില്‍ നല്‍കാനും വകുപ്പ് തല നടപടി സ്വീകരിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ അന്നത്തെ ക്രൈംബ്രാഞ്ച് എഡിജിപിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഭര്‍ത്താവുമായ ഡസ്മണ്ട് നെറ്റോ നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതി നിര്‍ദ്ദേശം പരിഗണിച്ച് ശ്രീജിത്തിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ നടപടി ഒഴിവാക്കാന്‍ നിരവധി ആരോപണങ്ങള്‍ നേരിട്ട എഡിജിപി പുലികേശിയെ കൊണ്ട് മറ്റൊരു അന്വേഷണം അന്നത്തെ സര്‍ക്കാര്‍ നടത്തിക്കുകയുണ്ടായി.

ഈ റിപ്പോര്‍ട്ട് ശ്രീജിത്തിന് അനുകൂലമായിരുന്നു. തുടര്‍ന്ന് പുലികേശിയുടെ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധവും ശ്രീജിത്തിനെ സഹായിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഡെസ്മണ്ട് നെറ്റോയുടെ റിപ്പോര്‍ട്ട് സഹിതം വിജു നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1) ൽ രജിസ്റ്റർ ചെയ്ത 695/2008 കേസിൽ ശ്രീജിത്ത് ഒന്നാം പ്രതിയാണ്. ഇപ്പോള്‍ ഈ കേസ് വിചാരണഘട്ടത്തിലാണ്.

കോടതി ചിലവായ 25,000 രൂപ ഹര്‍ജിക്കാരന് നല്‍കാനുള്ള ഉത്തരവ് റദ്ദാക്കുന്നതിനായി ശ്രീജിത്ത് അഭിഭാഷകന്‍ മുഖേന സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇതിന് അഡ്മിഷന്‍ പോലും കിട്ടിയിരുന്നില്ല.

ഹൈക്കോടതി ഉത്തരവ് അനുസരിക്കാത്തത് ചൂണ്ടിക്കാട്ടി കോര്‍ട്ടലക്ഷ്യത്തിന് വിജു വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് 25,000 രൂപ ഐ.സി.ഐ.സി ബാങ്കിന്റെ ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കി ശ്രീജിത്ത് കോര്‍ട്ടലക്ഷ്യ നടപടിയില്‍ നിന്നും തലയൂരിയത്.

ഇവിടെ സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ കോടതി ചിലവ് നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഡസ്മണ്ട് നെറ്റോയുടെ ഭാര്യ കൂടിയായ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് കുരുക്കിലാകുക.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top