മുന്‍ ഡിജിപി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്താന്‍ സാധ്യത. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ കൈകാര്യം ചെയ്ത ഓഫീസര്‍ എന്ന നിലയില്‍ സെന്‍കുമാര്‍ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ പുസ്തകത്തിലൂടെ പുറത്ത് വിടുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. ഇതില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെടും.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തലവനായും പ്രവര്‍ത്തിച്ചിരുന്ന സെന്‍കുമാറിന് കൊലപാതകത്തെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങള്‍ അറിയാമായിരുന്നു എന്ന് പൊലീസില്‍ തന്നെ നേരത്തെ സംസാരമുണ്ടായിരുന്നു.
അതേസമയം, മുന്‍ പൊലീസ് മേധാവിയുടെ സര്‍വ്വീസ് സ്റ്റോറി സംഘ പരിവാര്‍ സറ്റോറി ആയി കണ്ട് പ്രതിരോധിക്കാനാണ് സി.പി.എം നീക്കം. ഇപ്പോള്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃസ്ഥാനത്തും സംഘപരിവാര്‍ പരിപാടികളില്‍ നിത്യ പ്രഭാഷകനുമായ സെന്‍കുമാറിനെ ആ രൂപത്തില്‍ തന്നെ കാണാനാണ് സി.പി.എം തീരുമാനം.
ഇപ്പോള്‍ പുറത്തിറക്കാന്‍ പോകുന്ന സര്‍വ്വീസ് സ്റ്റോറിക്ക് പിന്നില്‍ പോലും ഒരു പരിവാര്‍ ‘അജണ്ട’ ഉണ്ടെന്ന വിലയിരുത്തലിലാലാണ് പാര്‍ട്ടി.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ ഉള്ളറക്കഥകള്‍ സര്‍വ്വീസ് സ്‌റ്റോറിയിലൂടെ പുറത്തുവിടാനാണ് സെന്‍കുമാര്‍ ഒരുങ്ങുന്നത്. മലയാളത്തിലെ പ്രമുഖ പബ്‌ളിഷേഴ്‌സായ ഡി.സി.ബുക്‌സാണ് സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി പ്രസിദ്ധീകരിക്കുന്നത്.
രാഷ്ട്രീയ മത വിഭാഗങ്ങളെ വിവാദങ്ങളിലേക്കാഴ്ത്തിയ ഐ.എസ്.ആര്‍.ഒ ചാരക്കേസ്, സ്ത്രീ പീഡനങ്ങള്‍, മത തീവ്രവാദം,അഴിമതി കേസുകള്‍, കവര്‍ച്ചാ കേസുകള്‍ തുടങ്ങി അധികാര ഇടനാഴികളിലെ അരമന രഹസ്യങ്ങള്‍ വരെ പുറത്ത് വരുമെന്ന സൂചന നല്‍കിക്കൊണ്ടുളള പുസ്തകത്തിന്റെ കവര്‍ ഫോട്ടോ സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു കഴിഞ്ഞു.
മൂന്നര പതിറ്റാണ്ടിലധികം നീണ്ട സേവനത്തില്‍ മികച്ച സേവനം കാഴ്ച വച്ച ഉദ്യോഗസ്ഥനാണ് ടി.പി.സെന്‍കുമാര്‍. 1983 മുതല്‍ കേരളക്കര ചര്‍ച്ച ചെയ്ത നിരവധി കേസുകളുടെ നേര്‍ച്ചിത്രം ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ഭരണാധികാരികള്‍ക്ക് മുമ്പില്‍ പോലും കലഹിക്കാന്‍ മടിക്കാത്ത ഈ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെ സര്‍വ്വീസിലെ നല്ലൊരു കാലം യൂണിഫോം ഡ്യൂട്ടികളില്‍ നിന്നും ഒഴിവാക്കി പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തുവാനാണ് സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, കെ.എസ്.ആര്‍.ടിയിലടക്കം നിയോഗിച്ചപ്പോഴും മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയാണ് അദ്ദേഹത്തെ സംസ്ഥാന പോലീസ് മേധാവിയാക്കിയത്.
എന്നാല്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തിയപ്പോള്‍ സെന്‍കുമാറിനെ മാറ്റി ലോക് നാഥ് ബഹ്‌റയെ നിയമിച്ചത് ഏറെ വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും കാരണമായിരുന്നു. സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തിയായിരുന്നു ഇറക്കിവിട്ട കസേരയില്‍ സെന്‍കുമാര്‍ തിരികെ എത്തിയിരുന്നത്.
വിരമിച്ചയുടനെ സര്‍വ്വീസ് സ്റ്റോറി എഴുതുമെന്ന് നേരത്തെ അദ്ദേഹം സൂചന നല്‍കിയിരുന്നു. ലോകസഭാതിരഞ്ഞെടുപ്പിന്റെ ചൂടിനിടെയാണിപ്പോള്‍ തന്റെ സര്‍വ്വീസ് സ്റ്റോറിയുടെ കവര്‍ ചിത്രം സമൂഹ മാധ്യമത്തിലൂടെ സെന്‍കുമാര്‍ പുറത്ത് വിട്ടിരിക്കുന്നത്.
1983 ബാച്ച് ഐപിഎസ് ഓഫീസറായ ടിപി സെന്‍കുമാര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ് പഠിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള സെന്‍കുമാര്‍ 1981ല്‍ ഇന്ത്യന്‍ എക്കണോമിക് സര്‍വീസില്‍ പ്രവേശനവും നേടിയിരുന്നു.
തുടക്കത്തില്‍ തലശ്ശേരിയിലും കണ്ണൂരിലും എഎസ്പി. 1991 മുതല്‍ 1995 വരെ ഗവര്‍ണറുടെ എഡിസി. പിന്നീട് ഒരു വര്‍ഷത്തോളം കൊച്ചി പൊലീസ് കമ്മീഷണര്‍. 2004ല്‍ വിജിലന്‍സ് ഐജി. സോണല്‍ ഐജി, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി സെന്‍കുമാറിന് ജയില്‍ ഡിജിപിയുടെ അധികച്ചുമതല കൂടി നല്‍കുകയുണ്ടായി. ഈ കേസിലെ പ്രതികളെ പിടികൂടുന്നതിന് ശക്തമായ ഇടപെടല്‍ നടത്തിയിരുന്നതും സെന്‍കുമാര്‍ ആയിരുന്നു.