t p senkumar transfer issue; central govt stand

ന്യുഡല്‍ഹി: കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.

രണ്ടു വര്‍ഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്ന് കേന്ദ്രം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് പരിഗണിക്കുന്നത് ട്രിബ്യൂണല്‍ ജൂലായ് ഒന്നിലേക്ക് മാറ്റി.

ഉന്നതറാങ്കിലുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിന് സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടു വര്‍ഷത്തിന് മുമ്പ് ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ ഒരു കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ചട്ടം. കമ്മീഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്ന കാര്യത്തില്‍ തീരുമാമെടുക്കാവൂ.

എന്നാല്‍ ഇതിവിടെ പാലിക്കപ്പെട്ടിട്ടില്ല കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ട്രിബ്യൂണലിനെ അറിയിച്ചു. സ്ഥാനം മാറ്റുന്നതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതി ഈ ചട്ടം നിര്‍ദേശിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെയാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിയമിച്ചത്.

സര്‍ക്കാര്‍ നടപടിയ്ക്ക് എതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണന്‍ പരിഗണിച്ചത്. സിഎജി ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് എം.കെ. ബാലകൃഷ്ണന്‍, പത്മിനി ഗോപിനാഥ് എന്നിവരാണ് ട്രിബ്യൂണലിലുള്ളത്.

തന്നെ മാറ്റിയത് അഖിലേന്ത്യാ പോലീസ് ചട്ടം ലംഘിച്ചാണെന്ന് ഹര്‍ജിയില്‍ സെന്‍കുമാര്‍ ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ നടപടി നിലനില്‍ക്കില്ലെന്നുമാണ് സെന്‍കുമാറിന്റെ വാദം. ഇതിനെ അനുകൂലിക്കുന്ന നിപാടാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്.

അതേസമയം, ഇതുവരെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. ഇന്ന് വൈകിട്ട് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.

Top