തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി.ശ്രീനിവാസനെതിരായ അതിക്രമ കേസില്‍ ഫോര്‍ട്ട് എസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറോടു ദക്ഷിണമേഖല ഐ.ജി വിശദീകരണം തേടി. വീഴ്ച സംബന്ധിച്ച് അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി.ശ്രീനിവാസനു മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. കേരളാ പൊലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ടി.പി.ശ്രീനിവാസനെ മര്‍ദ്ദിക്കുന്നത് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ നിസംഗതയോടെ നോക്കി നില്‍ക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡപ്യൂട്ടി കമ്മിഷണര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും ഡിജിപി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.
കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് എത്തിയ ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തുകയായിരുന്നു. പ്രതിയായ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ശരതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസുകാര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. അവരെ തടയുന്നതിനോ അദ്ദേഹത്തെ പിടിച്ചുമാറ്റാനോ പൊലീസ് ശ്രമിച്ചില്ലെന്നാണ് ആരോപണം.