അട്ടയെപ്പോലെ ചിലര്‍ കടിച്ച് തൂങ്ങും, കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ടി പത്മനാഭന്‍

കൊച്ചി: കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. താന്‍ അടിസ്ഥാനപരമായി കോണ്‍ഗ്രസുകാരനാണെന്ന് ചൂണ്ടിക്കാണിച്ച് ആരംഭിച്ച പ്രസംഗത്തിലാണ് പാര്‍ട്ടിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ ടി പത്മനാഭന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമേ സാധിക്കൂവെന്നും തമ്മിലടിയാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യസഭാ സീറ്റിന് വേണ്ടി നീക്കങ്ങള്‍ നടത്തിയ കെവി തോമസിനേയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു.

എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റേയും പോള്‍ പി മാണി മെമ്മോറിയല്‍ ലൈബ്രറിയുടേയും ഉത്ഘാടന ചടങ്ങിലായിരുന്നു വിമര്‍ശനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റേയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റേയും സാന്നിധ്യത്തിലായിരുന്നു.

‘കോണ്‍ഗ്രസ് മുക്തഭാരതത്തിന് വേണ്ടിയാണ് ഇന്ത്യയിലെ കോണ്‍ഗ്രസ് ഇതര കക്ഷികള്‍ ശ്രമിക്കുന്നത്. അവരത് രഹസ്യമായി വെക്കുന്നില്ല. വളരെ നെഗറ്റീവായ സമീപനമാണത്. ഒരു പാവം പാര്‍ട്ടി അവിടെ നിന്നോട്ടെ എന്ന് വിചാരിക്കാതെ കോണ്‍ഗ്രസ് മുക്തഭാരതത്തിന് വേണ്ടി പോരാടുകയാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. പക്ഷേ ഒരു കൂട്ടര്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കഴിയും. പാടെ തൂത്തുവാരിമാറ്റാന്‍ കഴിയും. അവര്‍ അതിന് വേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആ ആള്‍ക്കാര്‍ മറ്റാരുമല്ല. കോണ്‍ഗ്രസുകാര്‍ തന്നെയാണ്,’ ടി പത്മനാഭന്‍ പറഞ്ഞു.

‘എക്കാലത്തും അട്ടയെപ്പോലെ അള്ളിപ്പിടിച്ചു ഇരിക്കുന്നവരുണ്ട്. മനുഷ്യന് ആര്‍ത്തിയുണ്ടാവും ആഗ്രഹമുണ്ടാവും. ഒരാഴ്ച മുമ്പാണ് റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പറഞ്ഞത്. അദ്ദേഹം വരാത്ത ഒരു കുറവേ നമുക്ക് ഉള്ളൂ. രാഹുല്‍ ഗാന്ധിജി തോറ്റു. അദ്ദേഹം സ്ഥിരമാണ് ഈ സീറ്റെന്ന് വിചാരിച്ചു. ഞാന്‍ സ്മൃതി ഇറാനിയുടെ ആരാധകനല്ല. ഇനിയൊട്ട് ആവുകയുമില്ല. പക്ഷേ, ഒരു കാര്യത്തില്‍ ഞാന്‍ അവര്‍ക്ക് ഹാറ്റ്‌സ് ഓഫ് പറയുന്നു. അവര്‍ തോറ്റതിന് ശേഷം ചെയ്തത്, നിത്യവും ആ മണ്ഡലത്തില്‍ പോയി. എന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടാണ് ബഹുമാന്യനായ രാഹുല്‍ജി വയനാട്ടില്‍ വരേണ്ടി വന്നത്. അതിന്റെ സ്മൃതി ഇപ്പോഴൊന്നുമില്ല. ഖേദത്തോടെയാണ് പറയുന്നത്. ഇന്ത്യയില്‍ ഇന്ന് ഒരു പച്ചപ്പ്, ജീവന്റെ തുടിപ്പ് ഉള്ളത് കേരളത്തിലാണ്. ഇവിടെ നിന്നും അതെടുത്ത് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ യാതൊരു പ്രയാസവും ആവശ്യമില്ല. ഈ കേരളത്തിലും പോയ്ക്കഴിഞ്ഞാലുള്ള ദുസ്ഥിതി എന്തായിരിക്കും. തമ്മിലടി ഇതില്‍ കൂടുതല്‍ എവിടെയുമില്ല. ന്യായീകരണങ്ങളാണ് നശിപ്പിക്കുന്നതും എങ്ങുമെത്തിക്കാത്തതും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല തവണ പാര്‍ലിമെന്ററി സ്ഥാനങ്ങള്‍ നേടിയ ശേഷം ഞാനും ഇവിടെയുണ്ടെന്ന് പറഞ്ഞ് ഒരാള്‍ പൊങ്ങിവരുന്നു. ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ കോണ്‍ഗ്രസുകാരന്‍ ഞാനായിരിക്കും. എന്നിട്ട് നിങ്ങളെ അല്പം പോലും ഭയപ്പെടാതെ സംസാരിക്കാന്‍ എനിയ്ക്ക് കഴിയും. ഇതൊക്കെ പറയാന്‍ ഏറ്റവും യോഗ്യനായ വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പരിപാടിയില്‍ വായനയെക്കുറിച്ചും ഗ്രന്ഥശാലയെക്കുറിച്ചും സംസാരിക്കണമെന്ന് കരുതിയാണ് വന്നത്. എന്നാല്‍ ഇവിടെ വന്നപ്പോള്‍ മുഴുവന്‍ കേട്ടത് കോണ്‍ഗ്രസിനെക്കുറിച്ചായിരുന്നു. അപ്പോള്‍ അതുമായി ചേര്‍ത്ത് ചിലത് പറയാം എന്നുകരുതിയാണ് ഇക്കാര്യങ്ങള്‍ പറയുന്നത് എന്ന മുഖവുരയോടെയായിരുന്നു വിമര്‍ശനം. വന്ദേമാതരം ഇപ്പോള്‍ കോണ്‍ഗ്രസ് വേദികളില്‍ കേള്‍ക്കാറില്ലെന്ന് പരിപാടിയിലെ പ്രാര്‍ത്ഥനാ ഗാനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

Top