മുംബൈ: ടി20യില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ടി20 ലോകകപ്പ് ഫൈനലിന് ശേഷം അപ്‌ഡേറ്റ് ചെയ്ത പുതിയ റാങ്കിങാണ് ഐ.സി.സി പുറത്തുവിട്ടത്. അതേസമയം സൂര്യകുമാറിന്റെ റേറ്റിംഗ് പോയിന്റുകൾ 859 ആയി കുറഞ്ഞു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടത്തേക്കാൾ 10 പോയിന്റ് കുറവ്. എന്നിരുന്നാലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സൂര്യകുമാറിനായി.
ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ 239 റൺസ് നേടിയ സൂര്യകുമാർ, വിരാട് കോഹ്‌ലിക്കും നെതർലൻഡ്‌സിന്റെ മാക്‌സ് ഒഡൗഡിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. പാകിസ്താന്റെ റിസ്‌വാൻ 836 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. സൂര്യകുമാറിനേക്കാൾ 23 പോയിന്റ് കുറവ്. ന്യൂസിലൻഡിനെതിരായ സെമിയിൽ അർധസെഞ്ചുറി പിന്നിട്ട പാക് ക്യാപ്റ്റൻ ബാബർ അസം മൂന്നാം സ്ഥാനം നിലനിർത്തി. ടി20 ലോകകപ്പിൽ 296 റൺസുമായി ടോപ്‌സ്‌കോററായ വിരാട് കോഹ്‌ലി ആദ്യ പത്തിലും ഇല്ല. പതിനൊന്നാം സ്ഥാനത്താണ് കോഹ്‌ലി.
അതേസമയം ടി20 ലോകകപ്പിലെ സ്ഥിരതയാർന്ന പ്രകടനം ഇംഗ്ലണ്ട് ബാറ്റര്‍ അലക്സ് ഹെയ്‌ൽസിന് നേട്ടമായി. ടി20 റാങ്കിങില്‍ കാര്യമായ നേട്ടമുണ്ടാക്കിയ താരമാണ് ഹെയില്‍സ്. ഇന്ത്യയ്‌ക്കെതിരായ സെമിയിൽ 47 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ ഹെയ്ൽസ് 22 സ്ഥാനങ്ങൾ കയറി 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതായത് കോഹ്ലിയുടെ തൊട്ടുതാഴെ. 42.40 ശരാശരിയിൽ 212 റൺസ് നേടിയ ഹെയ്ൽസ് ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ്. ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്‌സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ദക്ഷിണാഫ്രിക്കൻ താരം റോസോ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ടി20 ലോകകപ്പിൽ ബംഗ്ലദേശിനെതിരെ റോസോ സെഞ്ച്വറി നേടിയിരുന്നു.
ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ആദില്‍ റാഷിദ് നേട്ടമുണ്ടാക്കി. ബൗളർമാർക്കായുള്ള ഐസിസി ടി20 റാങ്കിംഗിൽ 5 സ്ഥാനങ്ങൾ ഉയർന്ന് റാഷിദ് മൂന്നാം സ്ഥാനത്തെത്തി. ബൗളിങ് ചാർട്ടിൽ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് ഒന്നാം സ്ഥാനത്ത്.