കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത ലൂയിസ് നിയമപ്രകാരം ഇന്ത്യ അഞ്ച് റണ്‍സിന് ജയിച്ചതോടെയാണ് സെമിയില്‍ കടന്നത്. ഇന്ത്യയുടെ 155നെതിരെ ബാറ്റിംഗ് ആരംഭിച്ച അയലന്‍ഡ് 8.2 ഓവറില്‍ രണ്ടിന് 54 എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. അഞ്ച് റണ്‍സ് കൂടി കൂടുതല്‍ നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ അയര്‍ലന്‍ഡിന് അനുകൂലമാവുമായിരുന്നു. സെമിയില്‍ ഓസ്‌ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളി. നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ ഒന്നാമതാണ്. ഗ്രൂപ്പ് എയിലെ ഒന്നും ബിയിലെ രണ്ടാം സ്ഥാനക്കാരുമാണ് ഒരു സെമി. ബി ഗ്രൂപ്പില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. നാളെ പാകിസ്ഥാനുമായി ഇംഗ്ലണ്ടിന് മത്സരമുണ്ട്. പാകിസ്ഥാനെതിരെ തോറ്റാല്‍ പോലും ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനം നിലനിര്‍ത്താമെന്നുള്ള സാഹചര്യമാണിപ്പോള്‍.
ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ എമി ഹണ്ടര്‍ (1) റണ്ണൗട്ടായി. ഓവറിന്റെ അഞ്ചാം പന്തില്‍ ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റ് (0) ബൗള്‍ഡാവുകയാവുകയും ചെയ്തു. രേണുക് സിംഗിനായിരുന്നു വിക്കറ്റ്. എന്നാല്‍ ഗാബി ലൂയിസ് (25 പന്തില്‍ 32)- ലൗറ ഡെലാനി (20 പന്തില്‍ 17) എന്നിവര്‍ അയര്‍ലന്‍ഡിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും ഇതുവരെ 52 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സ്മൃതി മന്ദാനയുടെ (87) ബാറ്റിംഗ് കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ലൗറ ഡെലാനി അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാധാ യാദവ് പുറത്തായി. ദേവിക വൈദ്യ ടീമിലെത്തി. അ്രയര്‍ലന്‍ഡും ഒരു മാറ്റം വരുത്തി. ജെയ്ന്‍ മഗൈ്വറിന് പകരം ജോര്‍ജിന ഡെംപ്‌സി ടീമിലെത്തി.
ജയിച്ചാല്‍ സെമി ഉറപ്പാകുന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ- സ്മൃതി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 29 പന്തില്‍ 24 റണ്‍സെടുത്ത ഷെഫാലി ആദ്യം പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (13) അധികം ആയുസുണ്ടായിരുന്നില്ല. ഡെലാനിയുടെ രണ്ടാം വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷിനേയും (0) ഡെലാനി മടക്കി. ഇതോടെ ഇന്ത്യ 16 ഓവറില്‍ മൂന്നിന് 115 എന്ന നിലയിലായി.
ഇതിനിടെ സ്മൃതി റണ്‍റേറ്റ് ഉയരര്‍ത്താനുള്ള ശ്രമവും നടത്തി. എന്നാല്‍ ടി20 കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ ശേഷം മടങ്ങി. 56 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ദീപ്തി ശര്‍മയും പുറത്തായി. ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റാണ് ഇരുവരേയും മടക്കിയത്. ജമീമ റോഡ്രിഗസ് അവസാന പന്തില്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 150 കടത്തിയിരുന്നു. പൂജ വസ്ത്രകര്‍ (2) പുറത്താവാതെ നിന്നു.