ടി20 ലോകകപ്പ്; പാകിസ്താനെ തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍

ദുബൈ: ട്വന്റി 20 ലോകകപ്പിലെ ആവേശകരമായ രണ്ടാം സെമിയിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽകണ്ട ഓസീസിനെ ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയ്നിസ് – മാത്യു വെയ്ഡ് സഖ്യമാണ് വിജയത്തിലെത്തിച്ചത്.

പാകിസ്താൻ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കേ ഓസ്ട്രേലിയ മറികടന്നു. നവംബർ 14-ന് നടക്കുന്ന ഫൈനലിൽ ഓസീസ്, ന്യൂസീലൻഡിനെ നേരിടും.

ഒരു ഘട്ടത്തിൽ അഞ്ചിന് 96 റൺസെന്ന നിലയിൽ തോൽവി മുന്നിൽ കണ്ട ഓസീസിന് ആറാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്ത മാർക്കസ് സ്റ്റോയ്നിസ് – മാത്യു വെയ്ഡ് സഖ്യമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്.

സ്റ്റോയ്നിസ് 31 പന്തിൽ നിന്ന് 2 സിക്സും 2 ഫോറുമടക്കം 40 റൺസോടെയും വെയ്ഡ് 17 പന്തിൽ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 41 റൺസോടെയും പുറത്താകാതെ നിന്നു. ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് സിക്സറുകൾ നേടിയ വെയ്ഡാണ് ഓസീസിന് തകർപ്പൻ ജയം സമ്മാനിച്ചത്.

Top