മുംബൈ: ടി-20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇംഗ്ലിസ് ആണ് ടീമിലെ പുതുമുഖം. ആഭ്യന്തര ക്രിക്കറ്റിലെയും ടി-20 ലീഗുകളിലെയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ജോഷിന് ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്.
ആരോണ്‍ ഫിഞ്ച് ആണ് ടീമിനെ നയിക്കുക. പരുക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ ടി-20 പരമ്പരകളില്‍ ഫിഞ്ച് കളിച്ചിരുന്നില്ല. താരം പരുക്ക് മാറി എത്തിയേക്കും എന്നതിനാലാണ് ഫിഞ്ചിനെത്തന്നെ ടീം ക്യാപ്റ്റനാക്കിയത്. മുതിര്‍ന്ന താരങ്ങളായ ഗ്ലെന്‍ മാക്‌സ്വല്‍, പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരൊക്കെ ടീമില്‍ തിരിച്ചെത്തി. ഇവരൊക്കെ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.
ജോഷ് ഇംഗ്ലിസിനൊപ്പം മാത്യു വെയ്ഡ് ആണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ബംഗ്ലാദേശ് പരമ്പരയില്‍ കളിച്ച അലക്‌സ് കാരിക്ക് ഇടം ലഭിച്ചില്ല. ജോഷ് ഫിലിപ്പെയും പുറത്തായി. ഡാനിയല്‍ സാംസ്, ഡാന്‍ ക്രിസ്ത്യന്‍. നതാന്‍ എല്ലിസ് എന്നിവരാണ് റിസര്‍വ് താരങ്ങള്‍. ഒക്ടോബര്‍ 23ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.