ടി20 ലോകകപ്പ്; ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ധാക്ക: ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പത്തിനും യുവ താരങ്ങള്‍ക്കും പ്രാധാന്യമുള്ള 15 അംഗ ടീമിനെ മഹമ്മദുള്ളയാണ് നയിക്കുക. 15ല്‍ എട്ട് പേരും ഓള്‍റൗണ്ടര്‍മാരാണ് എന്നതാണ് പ്രധാന സവിശേഷത. സീനിയര്‍ താരങ്ങളായ സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുസ്താഫിസൂര്‍ റഹ്‌മാന്‍, മുഷ്ഫീഖുര്‍ റഹീം എന്നിവര്‍ ടീമിലുണ്ട്.

സീനിയര്‍ ഓപ്പണര്‍ തമീം ഇക്ബാല്‍ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2016 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ടോപ് സ്‌കോറായിരുന്നു(295 റണ്‍സ്) താരം. തമീമിന് പകരം ലിറ്റണ്‍ ദാസോ നയീം ഷെയ്ഖോ ഓപ്പണറുടെ റോളിലെത്തും. നയീമിന് 22 ഉം ഷമീം ഹൊസൈനും ആഫിഫ് ഹൊസൈനും 21 ഉം ഷൊരീഫുള്‍ ഇസ്ലാമിന് 20 ഉം വയസ് മാത്രമാണ് പ്രായം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒക്ടോബര്‍ 17ന് സ്‌കോട്ലന്‍ഡിന് എതിരെയാണ് ബംഗ്ലാ കടുവകളുടെ ആദ്യ മത്സരം. ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ലോകകപ്പിന് തയ്യാറെടുക്കുന്നത്.

 

Top